കൊച്ചി: അഭിമന്യു വധക്കേസിൽ കോടതിയിൽ നിന്ന് നേരത്തെ ലഭിച്ചിരുന്ന രേഖകളിൽ മൂന്നെണ്ണത്തിന്റെ കുറവുണ്ടെന്ന് പ്രതിഭാഗം. പ്രോസിക്യൂഷൻ പുന:സൃഷ്ടിച്ച രേഖകളും പ്രതിഭാഗത്തിന്റെ പക്കലുണ്ടായിരുന്ന പകർപ്പും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദ്ദേശപ്രകാരം ഒത്തുനോക്കിയപ്പോഴാണ് അഭിഭാഷകർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അതിനാൽ പ്രോസിക്യൂഷൻ പുതുതായി തയാറാക്കിയ രേഖകളിൽ, മൂന്നെണ്ണത്തിന്റെ ആധികാരികത ഉറപ്പാക്കാനാകുന്നില്ലെന്നും പ്രതിഭാഗം അറിയിച്ചു.
യഥാർത്ഥ രേഖകൾ കാണാതായ സാഹചര്യത്തിൽ, പകർപ്പുകൾ വച്ച് വിചാരണനടത്തുന്നതിൽ എതിർപ്പുണ്ടെങ്കിൽ ഏപ്രിൽ രണ്ടിന് അറിയിക്കാൻ കോടതി നിർദ്ദേശിച്ചു.
കേസുമായി ബന്ധപ്പെട്ട ബൈക്കുകളുടെ രജിസ്ട്രേഷൻ വിവരങ്ങൾ, ഫോൺ വിശദാംശങ്ങൾ സംബന്ധിച്ച കസ്റ്റമർ ആപ്ലിക്കേഷൻ ഫോം, പ്രതികൾ അറസ്റ്റിലായപ്പോൾ ദേഹപരിശോധനയിൽ കണ്ടെത്തിയ സാധനങ്ങളുടെ രജിസ്റ്റർ എന്നിവയാണ് പ്രതികൾക്ക് നേരത്തെ ലഭിച്ചവയിൽ ഉൾപ്പെടാത്തത്.
മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന അഭിമന്യു 2018 ജൂലായിലാണ് കുത്തേറ്റുമരിച്ചത്. ക്യാമ്പസ് ഫ്രണ്ട്, എസ്.ഡി.പി.ഐ. പ്രവർത്തകരായ മുപ്പതോളം പേരാണ് പ്രതികൾ.
കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ കുറ്റപത്രവും പോസ്റ്റുമോർട്ടം റിപ്പോർട്ടുമടക്കമുള്ള രേഖകൾ കോടതിയിൽ നിന്ന് കാണാതായെന്ന വിവരം പുറത്തുവന്നിരുന്നു. തുടർന്ന് പൊലീസിൽ നിന്നടക്കം ശേഖരിച്ച പകർപ്പുകളിൽ നിന്ന് പ്രോസിക്യൂഷൻ രേഖകൾ പുന:സൃഷ്ടിച്ചു.
രേഖകളുടെ കാര്യത്തിൽ പ്രതിഭാഗം ഉന്നയിച്ച എതിർപ്പുകളും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഇതേകോടതിയിൽ തുടരുന്നതും അഭിമന്യു കേസ് വിചാരണ നീളാൻ ഇടയാക്കും.