മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ജില്ലാസമ്മേളനം ഏപ്രിൽ 2, 3 തീയതികളിൽ മൂവാറ്റുപുഴയിൽ നടക്കും.
നിർമലഹയർ സെക്കൻഡറി സ്കൂളിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ആന്റണിജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് തുടങ്ങിയവർ സംസാരിക്കും. 843 പ്രതിനിധികൾ പങ്കെടുക്കും.
ബുധനാഴ്ച വൈകിട്ട് 4ന് 5000 പെൻഷൻകാർ അണിനിരക്കുന്ന പ്രകടനം കെ.എസ്.ആർ.ടി.സിബസ് സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച് ടൗൺ ഹാൾ ഗ്രൗണ്ടിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. മാത്യു കുഴൽനാടൻ എം.എൽ.എ, മുൻ എം.പി ഫ്രാൻസിസ് ജോർജ് , മുൻ എം.എൽ.എമാരായ എൽദോ എബ്രഹാം, ജോണി നെല്ലൂർ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഷാന്റി എബ്രഹാം, റഷീദസലിം തുടങ്ങിയവർ സംസാരിക്കും.
ജില്ലാ പ്രസിഡന്റ് ബി.വി. അഗസ്റ്റിൻ, ജില്ലാ സെക്രട്ടറി കെ. മോഹനൻ, ട്രഷറർ സി.കെ. ഗിരി, സ്വാഗതസംഘം കൺവീനർ ഫ്രാൻസിസ് മാനുവൽ, കെ.കെ. മൈതീൻ, പി. അർജുനൻ, എസ്.എൻ. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.