കൊച്ചി: ശ്രീനാരായണ ഗുരുദേവനെക്കാൾ വലിയ ആത്മീയാചാര്യർ കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് മേയർ അഡ്വ.എം. അനിൽകുമാർ പറഞ്ഞു. പാലാരിവട്ടം ആശാൻ നഗറിൽ എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ സംഘടിപ്പിച്ച ശ്രീനാരായണ ദർശനോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുവിന്റെ പ്രാധാന്യം കണക്കിലെടുത്താണ് കൊച്ചി കോർപ്പറേഷൻ രണ്ട് വർഷം മുമ്പ് ഗുരുദേവ പ്രഭാഷണ പരമ്പരയ്ക്ക് തുടക്കം കുറിച്ചത്. ഗുരുദേവ ദർശനത്തിന്റെ പ്രചാരണത്തിനായി മുന്നോട്ടുവന്ന കേരളത്തിലെ ഏക തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് കൊച്ചി കോർപ്പറേഷനെന്നും അഡ്വ. അനിൽ കുമാർ പറഞ്ഞു.
രാവിലെ ശാന്തിഹവനത്തിന് ശേഷം ഗുരുപുഷ്പാഞ്ജലി എന്ന വിഷയത്തിൽ ബിജു പുളിക്കലേടത്ത് ക്ളാസെടുത്തു. ഗുരുദേവനെ അടുത്തറിയാനുള്ള ആത്മീയ, വിജ്ഞാന സംഗമമാണ് ശ്രീനാരായണ ദർശനോത്സവമെന്നും ബിജു പുളിക്കലേടത്ത് പറഞ്ഞു. പ്രഭാഷണത്തിന് ശേഷം കുടുംബ ഐശ്വര്യ പൂജയും നടന്നു.
മൂന്നു ദിവസത്തെ ദർശനോത്സവത്തിന് സമാപനം കുറിച്ചുനടന്ന ചടങ്ങിൽ കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ദർശനോത്സവത്തിന്റെ ആചാര്യനായ സ്വാമി അദ്വൈതാനന്ദതീർത്ഥ അനുഗ്രഹ പ്രഭാഷണം നടത്തി. കൺവീനർ എം.ഡി. അഭിലാഷ് സ്വാഗതവും വൈസ് ചെയർമാൻ സി.വി. വിജയൻ നന്ദിയും പറഞ്ഞു.
'ശ്രീനാരായണ റോഡിന്റെ ശത്രുക്കൾ
ആരെന്ന് സമൂഹത്തിന് അറിയാം"
കൊച്ചി നഗരമദ്ധ്യത്തിലെ കലൂർ - കടവന്ത്ര റോഡിന് ശ്രീനാരായണ ഗുരു റോഡെന്ന് പുനർനാമകരണം ചെയ്ത തീരുമാനം നടപ്പാക്കാതിരിക്കാൻ ശ്രമിക്കുന്നവർ ആരെന്ന് സമൂഹം തിരിച്ചറിയുന്നുണ്ടെന്ന് മേയർ അഡ്വ. അനിൽകുമാർ പറഞ്ഞു. രണ്ട് വർഷം മുമ്പെടുത്ത തീരുമാനത്തിനെതിരെ ചിലർ ഹൈക്കോടതിയിൽ നിയമയുദ്ധം നടത്തുന്നുണ്ട്. ശ്രീനാരായണ ഗുരുദേവ ദർശനത്തിന്റെ പ്രാധാന്യം മനസിലാക്കിയതിനാലാണ് തന്റെ ഒൗദ്യോഗിക പദവി ഉപയോഗിച്ച് ഗുരുദേവ പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമിട്ടതും റോഡിന് ഗുരുവിന്റെ പേരു നൽകിയതും ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് തുനിഞ്ഞത്. ഇതെല്ലാം പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തന്ത്രമാണെന്ന് വരെ പഴി കേൾക്കേണ്ടിവന്നു. ഗുരുദേവനോടുള്ള അചഞ്ചലമായ വിശ്വാസം മാത്രമാണ് തന്നെ നയിച്ചതെന്നും അനിൽകുമാർ പറഞ്ഞു.