കാലടി\വൈപ്പിൻ: മലയാറ്റൂർ തീർത്ഥാടനത്തിനെത്തിയ മൂന്നുപേർ പെരിയാറ്റിലെ കയത്തിൽ രണ്ടിടങ്ങളിലായി മുങ്ങിമരിച്ചു. ഓച്ചന്തുരുത്ത് പുത്തൻചക്കാലക്കൽ പോളിന്റെ മകൻ സിജോ (19), തമിഴ്നാട് ഊട്ടി സ്വദേശികളായ മണികണ്ഠൻ (20), റൊണാൾഡ് (22) എന്നിവരാണ് മുങ്ങിമരിച്ചത്.
വെള്ളിയാഴ്ച നാല് കൂട്ടുകാരോടൊപ്പംതീർത്ഥാടനത്തിന് പോയ സിജോ ഇന്നലെ രാവിലെ തിരിച്ചിറങ്ങി മലയാറ്റൂർ ഇല്ലിത്തോട് പുഴയിൽ കല്ലടിക്കടവിൽ കുളിക്കുന്നതിനിടയിൽ 8.30 ഓടെ മുങ്ങിത്താഴുകയായിരുന്നു. ആലുവ എടത്തല കെ.എം.ഇ.എ ആർട്‌സ് ആൻഡ് സയൻസ് കോളേജ് ബി.സി.എ വിദ്യാർത്ഥിയാണ്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ഉച്ചയോടെ ഓച്ചന്തുരുത്ത് കുരിശിങ്കൽപള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും. അമ്മ: സിന്ധു. സഹോദരി: സിയ.
ഉച്ചയ്ക്ക് 2.30ഓടെ പള്ളിക്കുസമീപം കുളിക്കാനിറങ്ങിയ തമിഴ്നാട് ഊട്ടി സ്വദേശികളായ മണികണ്ഠനും റൊണാൾഡും ഒഴുക്കിൽപ്പെട്ട് കയത്തിലേക്ക് താഴുകയായിരുന്നു. അഞ്ച് പേരടങ്ങുന്ന സംഘമാണ് കുളിക്കാനിറങ്ങിയത്. പുഴയിൽ അപകടമേഖല എന്ന മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു. മൃതദേഹങ്ങൾ മലയാറ്റൂർ സെന്റ് തോമസ് ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.