മട്ടാഞ്ചേരി: പെരുന്നാൾ ദിവസത്തിൽ കൊച്ചിയിൽ മാട്ടിറച്ചിക്ക് കച്ചവടക്കാർ തോന്നിയ പോലെ വില ഈടാക്കുന്നതായി പരാതി. കിലോ 340 രൂപയുണ്ടായിരുന്ന മാട്ടിറച്ചിയുടെ വില കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 20 രൂപ കൂട്ടിയാണ് കച്ചവടക്കാർ വർദ്ധിപ്പിച്ചത്. കഴിഞ്ഞ ദിവസം വരെ 340 രൂപക്ക് വാങ്ങിയ ഇറച്ചിക്ക് ഇന്നലെ 360 രൂപ ഈടാക്കിയതോടെ ആളുകൾ പ്രതിഷേധിച്ചു. എന്നാൽ കച്ചവടക്കാർക്ക് ഇതൊന്നും ബാധകമല്ലാത്ത രീതിയായിരുന്നു.
പള്ളുരുത്തി,കുമ്പളങ്ങി മേഖലയിലാണ് പെരുന്നാൾ കച്ചവടത്തിൽ ഇറച്ചിക്ക് വില കൂട്ടി വാങ്ങിയത്. ചെറിയ പെരുന്നാൾ അടുക്കുന്നതോടെ മട്ടാഞ്ചേരി,ഫോർട്ട്കൊച്ചി മേഖലയിലും വില വർദ്ധിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ആഘോഷങ്ങളുടെ മറവിൽ വർദ്ധിപ്പിക്കുന്ന വില പിന്നീട് കുറക്കാറുമില്ലയെന്നതാണ് വസ്തുത. എന്നാൽ ചില കടകളിൽ 320 രൂപക്കും ഇറച്ചി നൽകുന്നുണ്ട്. കോഴിയിറച്ചിയുടെ വിലയും വർദ്ധിപ്പിച്ചിട്ടുണ്ട്. അറവ് ശാലയില്ലാത്ത കൊച്ചിയിൽ എവിടെ നിന്ന് കാലികൾ വരുന്നു. എവിടെ അറക്കുന്നുവെന്നൊന്നും അറിയാൻ സംവിധാനമില്ല.കൊച്ചി നഗരസഭ ഇക്കാര്യത്തിൽ നിശബ്ദരാണ്. കൊച്ചിയിൽ ഇറച്ചി കടകളിൽ വില വിവരം എഴുതി വെക്കുന്ന ശീലവുമില്ല.വില വിവരം എഴുതി വെക്കണമെന്നും അമിത വില ഈടാക്കുന്നവർക്കെതിരെ നടപടി വേണമെന്നും ആവശ്യം ശക്തമാണ്.