padam
അബുൽ ഹസൻ ആശുപത്രിയിൽ

കൊച്ചി: എളമക്കര കറുകപ്പള്ളിയിൽ പൊട്ടിവീണ കേബിളിൽ സൈക്കിൾ കുരുങ്ങി പ്ലസ് ടു വിദ്യാർത്ഥിയുടെ കൈവിരലി​ന് ഗുരുതരപരി​ക്ക്. കറുകപ്പള്ളി മഠത്തിപ്പറമ്പിൽ ഷാഫിയുടെ മകൻ അബുൽ ഹസനാണ് (17) അപകടത്തിൽപ്പെട്ടത്. സൈക്കിൾ ഹാൻഡിലി​ലും ഇടതുകൈയി​ലും കേബി​ൾ കുരുങ്ങുകയായിരുന്നു. മോതിരവിരലി​ന്റെ മാംസം ഉരി​ഞ്ഞ നി​ലയി​ലായി​രുന്നു. വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം.

വാടകവീട്ടിൽനിന്ന് മാറ്റിയ സാധനങ്ങളുമായി തൊട്ടടുത്തുള്ള പുതിയ വീട്ടിലേക്കുപോയ ഓട്ടോയ്ക്ക് പിന്നാലെ പോകുമ്പോഴായിരുന്നു അപകടം. കേബിൾ മോതിരത്തിൽ കുടുങ്ങിയത് പരിക്ക് ഗുരുതരമാക്കി. താനാണ് മകനെ നി​ർബന്ധി​ച്ച് വാടകവീട്ടിലേക്ക് പറഞ്ഞുവിട്ടത്. ചോരയിൽ കുളിച്ച കൈയുമായി ഓടിവരുന്നതാണ് പിന്നെ കണ്ടതെന്ന് പിതാവ് ഷാഫി​ പറഞ്ഞു. ഉടനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചു. ശസ്ത്രക്രിയ ഒന്നരമണിക്കൂർ നീണ്ടു. കറുകപ്പള്ളി നാഷണൽ പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥിയാണ്. സംഭവമറിഞ്ഞെത്തിയ അധികൃതർ പൊട്ടിവീണ കേബിളുകൾ ഉടനെ നീക്കി.

എളമക്കര പൊലീസ് സ്റ്റേഷനിലും കൊച്ചി കോർപ്പറേഷനിലും ഇന്ന് പരാതി നൽകുമെന്ന് അബുൽ ഹസന്റെ മാതാപിതാക്കൾ കേരളകൗമുദിയോട് പറഞ്ഞു. കേബിൾ പൊട്ടിക്കിടക്കുന്നത് കണ്ടാൽ താൻ മാറ്റിയിടാറുണ്ട്. ഇനി ആർക്കും ഇതുപോലെ അപകടമുണ്ടാതിരിക്കാൻ കൂടിയായിരിക്കും തന്റെയും കുടുംബത്തിന്റെയും പോരാട്ടമെന്ന് ഷാഫി പറഞ്ഞു.

* ജില്ലയിൽ എട്ടിടങ്ങളിൽ കേബിൾഭീഷണി
എറണാകുളത്ത് എട്ട് സ്ഥലങ്ങളിൽ അനധികൃത കേബിളുകൾ യാത്രക്കാർക്ക് ഭീഷണിയെന്ന് മോട്ടോർ വാഹനവകുപ്പ് കണ്ടെത്തിയിരുന്നു. നോർത്ത് പറവൂർ പൂശാരിപ്പടിക്കടുത്തുണ്ടായ അപകടത്തെത്തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു കണ്ടെത്തൽ. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന രീതിയിൽ കേബിളുകൾ നീക്കംചെയ്യാത്ത സ്ഥാപനങ്ങളുടെ മാനേജ്‌മെന്റിനെതിരെ നടപടിയെടുക്കാൻ റോഡ് സുരക്ഷാ കമ്മിഷണർക്ക് ശുപാർശയും അന്ന് നൽകിയിരുന്നു.