
കൊച്ചി: ആഗോള ക്രൈസ്തവസമൂഹം ക്രിസ്തുവിന്റെ തിരുവുത്ഥാന സ്മരണയിൽ ഇന്ന് ഈസ്റ്റർ ആഘോഷിക്കും. ഇതോടനുബന്ധിച്ച് വിവിധ ദേവാലയങ്ങളിൽ ഉയിർപ്പിന്റെ രംഗാവിഷ്‌കാരം, ദിവ്യബലി, പ്രദക്ഷിണം എന്നിവ നടന്നു. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ ഇന്നലെ രാത്രി പത്തിനാരംഭിച്ച ഈസ്റ്റർ തിരുക്കർമങ്ങളിൽ വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമ്മികനായി.
അന്തർദേശീയ തീർഥാടനകേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിൽ ഉയിർപ്പു തിരുനാളിന്റെ ഭാഗമായി പ്രദക്ഷിണവും ദിവ്യബലിയുമുണ്ടായിരുന്നു.
കോതമംഗലം രൂപതയിലെ ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ പള്ളിയിൽ പുലർച്ചെ നടന്ന ഈസ്റ്റർ തിരുക്കർമങ്ങളിൽ സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് റാഫേൽ തട്ടിലും
കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ ബിഷപ് ജോർജ് മഠത്തിക്കണ്ടത്തിലും മുഖ്യകാർമികത്വം വഹിച്ചു. ദു:ഖവെള്ളിയാഴ്ച ദേവാലയങ്ങളിൽ പീഡാനുഭവ തിരുക്കർമങ്ങൾ, വിശുദ്ധ കുർബാന സ്വീകരണം, കുരിശിന്റെ വഴി, പരിഹാര പ്രദക്ഷിണം എന്നിവ നടന്നു.
എളംകുളം ഫാത്തിമ മാതാ പള്ളിയിൽ ദു:ഖവെള്ളിയാഴ്ച പരിഹാര പ്രദക്ഷിണത്തിനും കുരിശാരാധനയ്ക്കും നഗരി കാണിക്കൽ പ്രദക്ഷിണത്തിനും കബറടക്ക ശുശ്രൂഷയ്ക്കും വികാരി ഫാ. മാർട്ടിൻ തൈപ്പറമ്പിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. വരാപ്പുഴ അതിരൂപത പി.ആർ.ഡി ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി വചനപ്രഘോഷണം നടത്തി ഫാ. ജോമിൻ തുണ്ടത്തിൽ, ഫാ. ജേക്കബ് മാവുങ്കൽ, ഫാ. ആൻസൺ കോച്ചേരി എന്നിവർ സഹകാർമ്മികരായിരുന്നു.