nissan

കൊച്ചി: രണ്ട് വർഷത്തിനുള്ളിൽ പത്തുലക്ഷം വാഹനങ്ങളുടെ വില്പനയുമായി പ്രവർത്തനലാഭത്തിൽ ആറ് ശതമാനം വർദ്ധന കൈവരിക്കാനുമുള്ള പുതിയ തന്ത്രങ്ങൾ ആവിഷ്‌കരിച്ച് നിസാൻ മോട്ടോർ കമ്പനി. ദി ആർക് എന്ന് പേരിട്ടിരിക്കുന്ന ബിസിനസ് പദ്ധതി പ്രകാരം അടുത്ത രണ്ട് വർഷത്തിനുള്ളിൽ 16 ഇലക്ട്രിക് മോഡലുകൾ ഉൾപ്പെടെ 30 പുതിയ വാഹനങ്ങൾ നിസാൻ വിപണിയിൽ അവതരിപ്പിക്കും.ഇതോടൊപ്പം നിലവിലുള്ള പെട്രോൾ, ഡീസൽ വാഹനങ്ങളിൽ 60 ശതമാനവും നവീകരിക്കാനും പദ്ധതിയുണ്ട്.

പുതുതലമുറ ഇലക്ട്രിക് വാഹനങ്ങളുടെ വില 30 ശതമാനം വരെ കുറച്ച് പെട്രോൾ/ഡീസൽ വാഹനങ്ങളുടെ വിലയ്ക്ക് ലഭ്യമാക്കാനും കമ്പനി ലക്ഷ്യമിടുന്നു. 2027 ൽ നൂതനമായ ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണം തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പരമ്പരാഗത വാഹനങ്ങളിൽ നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിന് വേഗം കൂട്ടും. ഈ ലക്ഷ്യങ്ങൾ കൈവരിക്കാനായി വിവിധ സാങ്കേതിക, സോഫ്‌റ്റ്‌വെയർ കമ്പനികളുമായി സഹകരണത്തിലെത്തും.

കൂടുതൽ ചാർജിംഗ് ക്ഷമതയും റേഞ്ചും നൽകുന്ന ബാറ്ററികൾ വികസിപ്പിക്കുന്നതിനുള്ള ഗവേഷണത്തിനായി ഗണ്യമായ തുക നീക്കിവെക്കാനും ധാരണയായിട്ടുണ്ട്.

വൈദ്യുതി വാഹന വിപണിയിൽ ശ്രദ്ധ

അടുത്ത രണ്ട് വർഷങ്ങളിൽ കമ്പനി നടത്തുന്ന 70 ശതമാനം നിക്ഷേപവും ഇലക്ട്രിക് വാഹനരംഗത്തായിരിക്കും. സാമ്പത്തികകാര്യങ്ങളിൽ കൂടുതൽ അച്ചടക്കം കൈവരിച്ച് ഓഹരിയുടമകൾക്ക് കുറഞ്ഞത് 30 ശതമാനം വരുമാനം ഉറപ്പാക്കും.

നിർമ്മാണത്തിലും ഡിസൈനിലും അടിമുടി പരിഷ്‌കാരങ്ങൾക്കാണ് നിസാൻ തയാറെടുക്കുന്നത്.

നിസാന്റെ ഭാവി എന്താണെന്ന് വ്യക്തമാക്കുന്നതാണ് 2026 വരെ നീളുന്ന ഹ്രസ്വകാല പദ്ധതിയായ ദി ആർക്കെന്ന് കമ്പനിയുടെ പ്രസിഡന്റും സി.ഇ.ഒയുമായ മക്കോട്ടോ ഉചിട പറഞ്ഞു.