
കൊച്ചി: തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥികളും പ്രവർത്തകരും വോട്ടർമാരോട് അപേക്ഷിക്കുന്നത് 'നമ്മുടെ ചിഹ്നം" മറക്കരുതേ എന്നാണ്.
സ്വതന്ത്ര ഇന്ത്യയിൽ പൊതുതിരഞ്ഞെടുപ്പ് തുടങ്ങിയ കാലം മുതൽ സ്ഥാനാർത്ഥിയുടെ പേരിനെക്കാൾ പ്രാധാന്യം ചിഹ്നത്തിനാണ്. നിരക്ഷരരായ വോട്ടർമാർക്ക് തങ്ങൾ ഇഷ്ടപ്പെടുന്ന സ്ഥാനാർത്ഥിക്ക് വോട്ട് രേഖപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ കണ്ടെത്തിയ ഉപാധിയാണ് ചിഹ്നം. 1968 മുതലാണ് അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് രജിസ്റ്റേഡ് ചിഹ്നങ്ങളും മറ്റുള്ളവർക്ക് സ്വതന്ത്ര ചിഹ്നങ്ങളും അനുവദിച്ചു തുടങ്ങിയത്.
1950-1992 കാലത്ത് തിരഞ്ഞെടുപ്പ് കമ്മിഷനിൽ ഡ്രാഫ്റ്റ്സ്‌മാൻ ആയിരുന്ന എം.എസ്. സേഥിയാണ് രാജ്യത്ത് ഇന്ന് ഉപയോഗിക്കുന്ന തിരഞ്ഞെടുപ്പ് ചിഹ്നങ്ങളുടെ ഉപജ്ഞാതാവ്. 1992ൽ വിരമിച്ച സേഥി 2000ൽ മരിച്ചു.
1950കളിൽ നിരക്ഷരരായ വോട്ടർമാരെ പോളിംഗ് ബൂത്തിൽ എത്തിച്ച് വോട്ട് ചെയ്യിക്കുന്നതിനുള്ള ഉപാധികൾ ആലോചിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ യോഗം ചേർന്നു. ആനയും കുതിരയും മുതൽ നിത്യജീവിതത്തിൽ പരിചിതമായ പല വസ്തുക്കളും ചിഹ്നമാക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തി. ഉദ്യോഗസ്ഥർ ചർച്ചചെയ്യുന്ന വസ്തുക്കളുടെയും ജീവികളുടെയും ചിത്രം പെൻസിൽ ഉപയോഗിച്ച് എം.എസ്. സേഥി വരച്ചുകൊണ്ടിരുന്നു.
പിന്നീട് തിരഞ്ഞെടുപ്പ് ഗോദയിൽ രാഷ്ട്രീയ പാർട്ടികളും സ്വതന്ത്ര സ്ഥാനാർത്ഥികളും വർദ്ധിച്ചപ്പോൾ എല്ലാവർക്കും ചിഹ്നം നൽകുക എന്നത് ബാദ്ധ്യതയായി. അങ്ങനെയാണ് മുമ്പ് സേഥി വരച്ച നൂറോളം ചിത്രങ്ങൾ വീണ്ടെടുത്ത് സ്വതന്ത്ര ചിഹ്നങ്ങളായി ഉപയോഗിച്ചു തുടങ്ങിയത്. ചിഹ്നത്തിന് അപരൻ ഉണ്ടാവില്ലെന്ന ഗുണവുമുണ്ട്. ചിഹ്നം മാത്രം നോക്കി വോട്ടുചെയ്യുന്ന ലക്ഷക്കണക്കിന് സമ്മതിദായകർ ഇന്നുമുണ്ട്.