shajahan-

പറവൂർ: മുളകുപൊടി കണ്ണിലെറിഞ്ഞ് വൃദ്ധയുടെ മാല പൊട്ടിച്ച ചേന്ദമംഗലം കിഴക്കുംപുറം കോറ്റട്ടാൽ മാതിരപള്ളി ഷാജഹാനെ (28) വടക്കേക്കര പൊലീസ് അറസ്‌റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ പത്ത് മണിയോടെ കിഴക്കുംപുറം കോറ്റാട്ടാൽ ക്ഷേത്രത്തിന് വടക്കുഭാഗത്ത് താമസിക്കുന്ന ഷാജഹാന്റെ വീടിന് മുന്നിലെ റോഡിലൂടെ നടന്നുപോകുമ്പോഴാണ് സുഭദ്ര‌യുടെ (80) മാല പൊട്ടിച്ചത്. പിന്നിലൂടെ ചെന്ന് കണ്ണിലേക്ക് മുളകുപൊടിയെറിഞ്ഞ ശേഷം മാല പൊട്ടിച്ച് ഓടി. സ്വർണമാലയാണെന്ന് കരുതി പൊട്ടിച്ചത് മുക്കുപണ്ടമായിരുന്നു. മാലപൊട്ടിക്കുന്നതിനിടെ പരിക്കേറ്റ സുഭദ്ര, ഷാജഹാന്റെ വീടിന്റെ വരാന്തയിലാണ് വിശ്രമിച്ചത്. നാട്ടുകാരും പൊലീസും ചേർന്ന് മാല പൊട്ടി​ച്ചയാളെ പിടിക്കാൻ ശ്രമി​ക്കുമ്പോൾ ഷാജഹാനും സജീവമായിരുന്നു. ഷർട്ട് ധരിക്കാത്ത, ചാര നിറമുള്ള മുണ്ട് മാത്രമുടുത്ത വെളുത്തയാളാണ് മാല പൊട്ടിച്ചതെന്ന് സുഭദ്ര മൊഴി നൽകി. സംഭവസ്ഥലത്തെ റോഡിലേക്ക് പുറത്ത് നിന്നാരും വന്നിട്ടില്ലെന്നും സംഭവ സ്ഥലത്തുള്ളയാൾ തന്നെയാണ് പ്രതിയെന്നും പൊലീസ് ഉറപ്പിച്ചു. ഇതിനിടെ മോഷ്ടാവ് ഷാജഹാനാണെന്നുള്ള സൂചന പൊലീസിന് ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷാജഹാൻ പിടിയിലായത്. സുഭദ്ര‌യുടെ മാല ഷാജഹാന്റെ വീടിന് പിന്നിലെ ബക്കറ്റിൽ സൂക്ഷിച്ചിരുന്ന തവിടിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. വടക്കേക്കര ഇൻസ്പെക്‌ടർ കെ.ആർ. ബിജുവി​ന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ ഷാജഹാനെ റിമാൻഡ് ചെയ്തു.