
കൊച്ചി: വൈവിദ്ധ്യമാർന്ന പരിപാടികൾ ആവിഷ്കരിച്ച് ഉദയംപേരൂർ എസ്.എൻ.ഡി.പി യോഗം ഹയർ സെക്കൻഡറി സ്കൂൾ ജില്ലാതല സീനിയർ സെക്കൻഡറി വിഭാഗത്തിൽ ഇന്നോവേറ്റീവ് സ്‌കൂൾ പദവി കരസ്ഥമാക്കി. 10000 രൂപയാണ് സമ്മാനത്തുക. ഇതിനു പുറമേ സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ അദ്ധ്യായനവർഷം സ്കൂളിൽ നടപ്പിലാക്കിയ ഹരിതം ആനന്ദം, ഒരു ക്ലാസ് മുറി ഒരു പുസ്തകം, ഹരിതകർമ്മ സേനാംഗങ്ങൾക്കൊപ്പം കുട്ടികളുടെ ഓണാഘോഷം, എഡ്യൂഫെസ്റ്റ്, തപാൽ ദിനാചരണം, കേരളപ്പിറവി ദിനാഘോഷം, അദ്ധ്യാപക ദിനാചരണം, ശിശുദിനാഘോഷം തുടങ്ങിയ പരിപാടികളിലെ നൂതനാശയങ്ങളാണ് മികവിന് ആധാരം.
ഹരിതം ആനന്ദം പദ്ധതി
സ്‌കൂൾ പരിസരത്തുള്ള 50 വീടുകൾ ദത്തെടുത്ത് പരിസ്ഥിതി സൗഹൃദ ഭവനങ്ങളാക്കി മാറ്റുന്നതായിരുന്നു ഹരിതം ആനന്ദം പദ്ധതി. തിരഞ്ഞെടുത്ത വീടുകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിന് വിദ്യാർത്ഥികൾ നിർമ്മിച്ച വേസ്റ്റ് ബിന്നുകളും തുണിസഞ്ചിയും അടുക്കളത്തോട്ടത്തിന് ആവശ്യമായ പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. ഹരിത ക്ലബ്ബിലെ കുട്ടികളെ രണ്ടുപേർ വീതമുള്ള ഗ്രൂപ്പുകളായി തിരിക്കുകയും വീടുകൾ സന്ദർശിച്ച് പരിസര ശുചിത്വവും പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിലുള്ള കുറവും അടുക്കളത്തോട്ടത്തിന്റെ പുരോഗതിയും വിലയിരുത്തി സ്‌കൂളിൽ റിപ്പോർട്ട് ചെയ്യാനും നിയോഗിച്ചു.
' ഒരു ക്ലാസ് മുറി ഒരു പുസ്തകം ആകുന്നു'
ശ്രദ്ധേയമായ മറ്റൊരുപരിപാടിയാണ് ' ഒരു ക്ലാസ് മുറി ഒരു പുസ്തകം ആകുന്നു'. വായനദിനത്തിൽ ആരംഭിച്ച പദ്ധതി ക്ലാസിലെ മുഴുവൻ കുട്ടികളും ഒരേ സാഹിത്യകൃതി വായിക്കുകയും അവരുടെ വായനാനുഭവങ്ങൾ ക്ലാസ് മുറിയിൽ ആവിഷ്‌കരിക്കുകയും ചെയ്തു. 3300 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഓരോ കുട്ടിയും ഒരു പുസ്തകംവീതം വായിക്കുമ്പോൾ ഓരോരുത്തർക്കും ലഭിക്കുന്നത് വ്യത്യസ്തമായ വായനാനുഭവങ്ങളാണ് എന്ന ചിന്തയാണ് ഈ പ്രവർത്തനത്തിന് ആധാരം. പരിപാടി കാണുന്നതിനായി മറ്റു വിദ്യാലയങ്ങളിലെ കുട്ടികൾക്കും അവസരം ഒരുക്കിയിരുന്നു. തപാൽ ദിനത്തിൽ അമ്മക്ക് കത്ത് എഴുതിയും അദ്ധ്യാപക ദിനത്തിൽ വിദ്യാർത്ഥികൾ അദ്ധ്യാപകരും അദ്ധ്യാപകർ വിദ്യാർത്ഥികളായും കേരള പിറവി ദിനത്തിൽ ക്ലാസ് മുറികളെ 14 ജില്ലകളാക്കി കേരളത്തിന്റെ വൈവിദ്ധ്യം അവതരിപ്പിച്ചും ശ്രദ്ധേയമായ പരിപാടികളാണ് സ്കൂളിൽ നടപ്പിലാക്കിയത്. മികച്ച ഹരിതവിദ്യാലയത്തിനുള്ള സംസ്ഥാന പുരസ്കാരവും മികച്ച പി.ടി.എയ്ക്കുള്ള രണ്ടാമത്തെ പുരസ്കാരവും മുമ്പ് സ്കൂളിന് ലഭിച്ചിട്ടുണ്ട്.
ഇന്നോവേറ്റീവ് സ്കൂൾ
സമഗ്രശിക്ഷ കേരളം 2023-24 സ്റ്റാർസ് പദ്ധതി പ്രകാരം പഠനബോധന പ്രവർത്തനങ്ങൾ സർഗാത്മകമാക്കുന്നതിനും നൂതനങ്ങളായ വിദ്യാഭ്യാസ പരിപാടികൾ ഏറ്റെടുത്ത് നടപ്പാക്കുന്നതിനും വിദ്യാലയങ്ങളെ പ്രചോദിപ്പിക്കുന്നതിനും ആവശ്യമായ അക്കാഡമിക് പിന്തുണ നൽകുന്നതിനുമായി വിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കുന്ന പരിപാടിയാണ് ഇന്നോവേറ്റീവ് സ്‌കൂൾ.