joy

കൊച്ചി: 20 മിനിട്ട് ചക്രം കറക്കിയാൽ 25 അടിയിലേറെ ആഴമുള്ള കിണറ്റിലെ വെള്ളം വീടിന്റെ രണ്ടാം നിലയിലെ 500 ലിറ്റർ ടാങ്കിൽ നിറയും. അറ്റോമിക് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥനായിരുന്ന കോലഞ്ചേരി പെരിങ്ങോൾ ഓടോളിൽ ജോയ് പോളിന്റെ (68) കണ്ടുപിടിത്തമാണ് ഈ കുഞ്ഞൻയന്ത്രം. വൈദ്യുതിയും വേണ്ട.

റബർ ഷീറ്റ് അടിക്കുന്നതുപോലെ പ്രവർത്തിപ്പിക്കാവുന്ന യന്ത്രം വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കാൻ വിവിധ കമ്പനികളുമായി ചർച്ചകൾ നടക്കുകയാണ്. ഉടൻ പേറ്റന്റ് ലഭിക്കും. വർഷങ്ങൾക്ക് മുമ്പ് വൈദ്യുതി നിലച്ചപ്പോഴാണ് ജോയ് പോൾ യന്ത്രത്തെക്കുറിച്ച് ആലോചിച്ചത്. സൈക്കിളിന്റെ ടയറിലായിരുന്നു ആദ്യപരീക്ഷണം. പല പരിഷ്‌കാരങ്ങൾക്കുമൊടുവിൽ അത് വിജയിച്ചു.

അര എച്ച്.പിയുടെ മോട്ടോർ പമ്പ്, വലുതും ചെറുതുമായ രണ്ട് ഇരുമ്പുചക്രം, റബർ ബെൽറ്റ്, കട്ടികൂടിയ ഇരുമ്പ് ചട്ടം എന്നിവയുണ്ടെങ്കിൽ യന്ത്രം തയ്യാർ.

 ചെലവ് 10,000രൂപ !

10,000 രൂപയാണ് നിർമ്മാണച്ചെലവ്. തറനിരപ്പിലാണെങ്കിൽ കൂടുതൽ വെള്ളം പമ്പ് ചെയ്യാം. ഒരു വർഷമെടുത്താണ് ഇപ്പോഴത്തെ യന്ത്രം രൂപപ്പെടുത്തിയത്. ബന്ധുവിന്റെ വെൽഡിംഗ് ഷോപ്പിലായിരുന്നു യന്ത്രത്തിന്റെ രൂപകല്പന. അന്യസംസ്ഥാനത്തു നിന്നു വരെ ആവശ്യക്കാരെത്തുന്നുണ്ട്. 20ലേറെ ബുക്കിംഗ് ലഭിച്ചു. അടുത്ത മാസം നിർമ്മാണം തുടങ്ങും. കളമശേരി പോളിടെക്‌നിക്കിൽ നിന്ന് മെക്കാനിക്കൽ, ഇലക്ട്രിക്കൽ ഡിപ്ലോമകൾ നേടിയ ജോയ് തൂത്തുക്കുടിയിലെ അറ്റോമിക് എനർജി വകുപ്പിലെ ഹെവി വാട്ടർ പ്ലാന്റിൽ ജീവനക്കാരനായിരുന്നു. വിദേശത്തുൾപ്പെടെ വിവിധ കമ്പനികളിൽ ജോലി ചെയ്ത ശേഷം മൂവാറ്റുപുഴ ഇലാഹിയ എൻജിനിയറിംഗ് കോളേജിൽ അദ്ധ്യാപകനുമായി. ബാങ്ക് ജീവനക്കാരിയായിരുന്ന ലീലയാണ് ഭാര്യ. മക്കൾ: മിനു, മിന്റു.

'സ്വന്തം ആവശ്യത്തിനായി തയാറാക്കിയതാണ്. മറ്റുള്ളവർക്കും പ്രയോജനപ്പെടുമെന്നതിൽ വളരെ സന്തോഷം".
ജോയ് പോൾ