
തൃപ്പൂണിത്തുറ: കൊച്ചിൻ ദേവസ്വം ബോർഡ് നടത്തിവരുന്ന സ്വപ്ന പദ്ധതിയായ ദേവാങ്കണം ചാരുഹരിതം പദ്ധതി തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ തുടക്കം കുറിച്ചു. ക്ഷേത്രത്തിന്റെ വടക്കുവശത്തുള്ള പറമ്പിൽ നൂറിൽപരം തുളസി ചെടികളും അമ്പതിൽപരം ചെത്തിയും താമരയും നട്ടു. ക്ഷേത്രത്തിൽ പൂജക്കാവശ്യമായ ശുദ്ധമായ പൂജാ പുഷ്പങ്ങൾ നട്ടുപിടിപ്പിക്കുകയും ശുചിത്വം ഉറപ്പു വരുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. വരും ദിവസങ്ങളിൽ കൂടുതൽ ചെടികൾ നട്ടുവളർത്തുമെന്ന് ദേവസ്വം ഓഫിസർ സുധീർ മേലെപ്പാട്ട് അറിയിച്ചു. ദേവസ്വം ബോർഡ് അംഗം എം.ബി. മുരളീധരൻ, മുനിസിപ്പൽ ചെയർ പേഴ്സണൻ രമ സന്തോഷ്, കൗൺസിലർ രാധികവർമ്മ, അസി. കമ്മിഷണർ എം.ജി. യാഹുലദാസ്, ദേവസ്വം ഓഫിസർ സുധീർ മേലെപ്പാട്ട്, മൂത്തത് മേനോക്കി, കൃഷ്ണൻ ഓതിക്കൻ, കൊച്ചി രാജകുടുംബാംഗം കൃഷ്ണദാസ് തമ്പുരാൻ തുടങ്ങിയവർ പങ്കെടുത്തു.