മട്ടാഞ്ചേരി: ഹോളിയാഘോഷത്തിന് സമാപനം കുറിച്ച് കൊങ്കണി സമൂഹം മഞ്ഞക്കുളിയാഘോഷിച്ചു. ചെറളായി പ്രദേശങ്ങളിൽ നടന്ന മഞ്ഞക്കുളിയാഘോഷം ആവേശമായി. ശിവരാത്രിക്ക് ശേഷം സ്ഥാപിച്ച കാമദേവ രൂപ സങ്കല്പമായുള്ള ബോധനെ എഴുന്നള്ളിച്ച് അഗ്നിക്കിരയാക്കി മഞ്ഞക്കുളി നടന്നതോടെ രണ്ടാഴ്ച നീണ്ടു നിന്ന പഴമയുടെ ഹോളിയാഘോഷങ്ങൾക്ക് സമാപനമായി. ജി.എസ്.ബി സമൂഹം ഉച്ചയോടെ ബോധകനേ വാദ്യമേളങ്ങളോടെ എഴുന്നള്ളിച്ചു. കരിപ്പാലത്തു നിന്ന് എഴുന്നള്ളിച്ചഘോഷയാത്രയിൽ ജനങ്ങൾ പരസ്പരം വർണ്ണങ്ങൾ പൂശിയാണ് ആഘോഷങ്ങളിൽ പങ്കെടുത്തത്. കുട്ടികളടക്കമുള്ളവർക്കൊപ്പം പ്രായഭേഭവന്യേ മുതിർന്നവരും ആഘോഷത്തിൽപങ്കുചേർന്നു. ചെറളായി ടി.ഡി.ക്ഷേത്രത്തിന് സമീപം അസ്തമയ സൂര്യനെ സാക്ഷിയാക്കി ബോധനെ ആഗ്നിക്കിരയാക്കിയപ്പോൾ ഒത്തുചേർന്നവർ ആസ്സില്ലോ ഫോദോ മെല്ലോ മൂ ദേവായെന്ന പറഞ്ഞ് നൃത്തംചവിട്ടി.

കൊങ്കണി തെരുവകളിൽ വീടുകൾക്ക് മുന്നിൽ ഒരുക്കിയ മഞ്ഞളും കളറും കലക്കിയ വെള്ളം സംഘമായെത്തുന്ന പുരുഷാരവങ്ങൾക്ക് മേൽ കോരിയൊഴിക്കുന്ന ചടങ്ങാണ് മഞ്ഞക്കുളി, ശിവരാത്രിയോടെ തുടങ്ങുന്ന അതിവേനലിന് മുന്നോടിയായുള്ള ചർമരോഗ സംരക്ഷണത്തിന്റെ ശാസ്ത്രീയതയും ബോധനെ കത്തിച്ച സമാജത്തിന്റെ ആനന്ദവുമായും ഇതിനെ പഴമക്കാർ ചുണ്ടിക്കാട്ടുന്നു. പുരുഷാരങ്ങൾ ക്ഷേത്രക്കുളത്തിലെത്തി കുളിക്കുന്നതോടെ മഞ്ഞക്കുളിയാഘോഷം സമാപിച്ചു. അമരാവതിയിൽ ഭഗവതി ക്ഷേത്രസമീപം ബോധനെ കത്തിച്ച് വൈശ്വസമാജ തെരുവോരങ്ങളിലും മഞ്ഞക്കുളിയാഘോഷം നടന്നു.