sreejith

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കുകളിലൊന്നായ ബാങ്ക് ഒഫ് ബറോഡ(ബി.ഒ.ബി) കേരളത്തിൽ വൻ വളർച്ചയുമായി ഉപഭോക്താക്കളുടെ മനസ് കീഴടക്കുകയാണ്. വൻകിട സ്വകാര്യ ബാങ്കുകളുമായി അതിശക്തമായി മത്സരിച്ചാണ് ബി.ഒ.ബി കേരളത്തിൽ അതിവേഗം ബിസിനസും ഉപഭോക്താക്കളെയും നേടുന്നത്. ബാങ്കിന്റെ സോണൽ മേധാവി ശ്രീജിത്ത് കൊട്ടാരത്തിലാണ് ബി.ഒ.ബിയുടെ കേരളത്തിലെ വളർച്ചയുടെ ചുക്കാൻ പിടിക്കുന്നത്. ബാങ്കിംഗ് മേഖലയിൽ വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള ശ്രീജിത്ത് കൊട്ടാരത്തിൽ സംസ്ഥാനത്തെ ബി.ഒ.ബിയുടെ വളർച്ചാ പദ്ധതികളെ കുറിച്ച് 'കേരള കൗമുദി'യുമായി പങ്കുവെക്കുന്നു.

ഝ. ബാങ്ക് ഒഫ് ബറോഡ കേരളത്തിൽ ശക്തമായി ബിസിനസ് വിപുലീകരിക്കുകയാണല്ലോ? എങ്ങനെയാണ് സംസ്ഥാനത്തെ സാദ്ധ്യതകൾ വിലയിരുത്തുന്നത്?

ബാങ്ക് ഒഫ് ബറോഡയെ സംബന്ധിച്ച് കേരളം ഇന്ത്യയിലെ പ്രധാന വിപണികളിലൊന്നാണ്. സാമൂഹികവും സാമ്പത്തികവും വാണിജ്യപരവുമായി വളരെ ഏറെ വളർച്ചാ സാദ്ധ്യതകളാണ് ഇവിടെയുള്ളത്. മികച്ച വിദ്യാഭ്യാസം, വിദേശ മലയാളികളുടെ ഉയർന്ന സാന്ദ്രത, കാർഷിക, ഐ.ടി മേഖലകളിലെ ചടുലത, പർച്ചേസിംഗ് പവറിലുള്ള കരുത്ത് തുടങ്ങിയ അനുകൂല സാഹചര്യങ്ങൾ മുതലെടുക്കാനാണ് ബാങ്ക് പ്രധാനമായും ശ്രദ്ധ പതിപ്പിക്കുന്നത്. സംസ്ഥാനത്ത് ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ആറ് പുതിയ ശാഖകൾ വിവിധ ജില്ലകളിലായി പ്രവർത്തനം ആരംഭിച്ചj. ഇതോടെ മൊത്തം ശാഖകളുടെ എണ്ണം 226ലേക്ക് ഉയർന്നു. ബി.ഒ.ബിയുടെ ഉത്പന്ന വൈവിദ്ധ്യവും മത്സരക്ഷമതയും ബാങ്കിന് വലിയ സാദ്ധ്യതകളാണ് തുറന്നിടുന്നത്. ഈ വർഷം ഡിസംബറിനു മുമ്പ് ശാഖകളുടെ എണ്ണം 250 ലേക്ക് ഉയർത്തി, കേരളത്തിലെ മുൻനിര ബാങ്കായി മാറാനാണ് ബി.ഒ.ബിയുടെ ശ്രമം. ആഗോളതലത്തിൽ ബാങ്കിന് 8225 ലേറെ ശാഖകളുണ്ട്. 17 വിദേശ രാജ്യങ്ങളിലായി, 92 ശാഖകളാണുള്ളത്. അത് കൊണ്ടാണ് ഇന്ത്യയുടെ രാജ്യാന്തര ബാങ്കെന്ന് ബാങ്ക് ഒഫ് ബറോഡ അറിയപ്പെടുന്നത്. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ശാഖകളുള്ള ഇന്ത്യൻ ബാങ്കും ബി.ഒ.ബിയാണ്.

ഝ. കേരളത്തിൽ ബി.ഒ.ബി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകൾ ഏതൊക്കെയാണ്?

മറ്റൊരു സംസ്ഥാനത്തിലും ദൃശ്യമാകാത്ത വനിത ശക്തീകരണമാണ് കേരളത്തിൽ ദൃശ്യമാകുന്നത്. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിലും നവീനമായ ആശയങ്ങൾ നടപ്പാക്കുന്നതിലും വിപ്‌ളവകരമായ മാറ്റങ്ങൾ ഇവിടെ കാണാനാകുന്നുണ്ട്. അതിനാൽ വനിത സംരംഭകർക്ക് ഉയർന്ന പ്രാമുഖ്യം നൽകി ബിസിനസ് വിപുലീകരിക്കാനുള്ള പദ്ധതികളാണ് ബാങ്ക് ആലോചിക്കുന്നത്. സംസ്ഥാനത്തെ വനിത സംരംഭകർ അധിക പരിഗണന അർഹിക്കുന്നു. ആ പ്രതീക്ഷ പൂർത്തിയാക്കുന്ന തരത്തിൽ ബി.ഒ.ബി ഏറ്റവും മികച്ച ഉത്പന്നങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മഹിള ശക്തി എസ്. ബി അക്കൗണ്ട് മുതൽ കറന്റ് അക്കൗണ്ടുകളിലെ ഉദാരമായ ആനുകൂല്യങ്ങൾ വരെ ബാങ്കിന്റെ ഉത്പന്നങ്ങളിലുണ്ട്.

ഝ. വനിത സംരംഭകരുടെ കറന്റ് അക്കൗണ്ടുകൾക്ക് എന്തൊക്കെ അധിക ആനൂകൂല്യങ്ങളാണ് ലഭ്യമാക്കുന്നത്?

വനിത സംരംഭങ്ങളിൽ ഉപയോഗിക്കുന്ന പോയിന്റ് ഒഫ് സെയിലുകളിൽ നിശ്ചിത തുകയിലധികം ഇടപാടുകൾ നടത്തുമ്പോൾ അധിക ചാർജുകളൊന്നും ഈടാക്കില്ല. ഇതോടൊപ്പം ഉദാരമായ വ്യവസ്ഥകളോടെ വനിത സംരംഭകർക്ക് പരമാവധി വായ്പകൾ ലഭ്യമാക്കാനാണ് ശ്രമം. ബി.ഒ.ബിയുടെ കേരളത്തിലെ മൊത്തം ജീവനക്കാരിൽ സ്ത്രീകളുടെ എണ്ണം അൻപത് ശതമാനത്തിനടുത്താണ്. ഇതോടൊപ്പം 25 ശതമാനത്തിലധികം ശാഖകളിൽ വനിത മാനേജർമാരാണുള്ളത്.

ഝ. കേരളത്തിൽ മറ്റ് ഏതൊക്കെ മേഖലകളിലാണ് ബി.ഒ.ബി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്?

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് (എം.എസ്.എം.ഇ) കേരളത്തിൽ വിപുലമായ സാദ്ധ്യതകളുണ്ടെന്നാണ് ബി.ഒ. ബി വിലയിരുത്തുന്നത്. അടുത്ത സാമ്പത്തിക വർഷത്തിൽ എം.എസ്.എം. ഇ മേഖലയിൽ സംസ്ഥാനത്താകെ 15 ശതമാനം വളർച്ചയാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ബാങ്കിന്റെ സാന്നിദ്ധ്യം ഗണ്യമായി കൂടുന്നതിനാൽ മികച്ച വളർച്ച കൈവരിക്കാനാകും. എം.എസ്.എം.ഇ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ പുതിയ എക്‌സ്‌ക്‌ളൂസീവ് ശാഖകൾ ആരംഭിക്കും.

കസ്റ്റമേഴ്‌സ്‌ന് അൺലിമിറ്റഡ് എയർപോർട്ട് ലോഞ്ച് സൗകര്യം നാട്ടിലും വിദേശത്തും നൽകുന്ന ഓപുലെൻസ് ഡെബിറ്റ് കാർഡ്, ബാങ്കിന്റെ ഒരു പ്രീമിയം ഉത്പന്നമാണ്. എൻ.ആർ.ഐ പവർ പാക്ക് അക്കൗണ്ട് ഉടമകൾക്ക് നിബന്ധനകൾക്ക് വിധേയമായി സൗജന്യമായി ഓപുലെൻസ് കാർഡ് ലഭിക്കും.

കേരളത്തിൽ നിന്ന് സ്വീകരിക്കുന്ന നിക്ഷേപം പൂർണമായും വായ്പയായി കേരളത്തിൽ തന്നെ ബാങ്ക് ചെലവഴിക്കുന്നു.