
കൊച്ചി: ഈസ്റ്റർ ദിനത്തിലും വോട്ട് അഭ്യർത്ഥനയുമായി തിരക്കൊഴിയാതെ എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ മുന്നണി സാരഥികൾ. പള്ളികളിലെ ചടങ്ങുകളിൽ ഭാഗമായും മുൻ നിശ്ചയപ്രകാരമുള്ള പരിപാടികളിൽ പങ്കെടുത്ത് ഹൈബി ഈഡൻ സജീവമായപ്പോൾ സൗഹൃദസന്ദർശനങ്ങൾവഴിയും ഫോണിലൂടെയും വോട്ട് അഭ്യർത്ഥിച്ചായിരുന്നു ഇടത് സ്ഥാനാർത്ഥി കെ.ജെ. ഷൈന്റെ പ്രചാരണം.എൻ.ഡി.എ സ്ഥാനാർത്ഥി കെ.എസ്. രാധാകൃഷ്ണൻ പ്രമുഖരെ നേരിൽ കണ്ടും വാഹനപ്രചാരണവുമായും തിരക്കിലായിരുന്നു ഇന്നലെ.
ചാവറ കൾച്ചറൽ സെന്ററിൽ സംഘടിപ്പിച്ച ഈസ്റ്റർദിന സൗഹൃദസംഗമത്തിൽ മൂവരും പങ്കെടുത്തു. പ്രൊഫ. എം കെ സാനു ഉൾപ്പെടെ പ്രമുഖർക്കൊപ്പം ഉയിർപ്പ് പ്രാതലും കഴിച്ചു.കെ.ജെ ഷൈന് തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക പ്രൊഫ. എം കെ സാനു, കെ.വി തോമസ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ നൽകി. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ് സുജാതയിൽ നിന്ന് ഷൈൻ തുക ഏറ്റുവാങ്ങി. സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, പുഷ്പ ദാസ്, ടി.വി. അനിത തുടങ്ങിയവരും സംബന്ധിച്ചു. ഇന്ന് തൃപ്പൂണിത്തുറ മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഷൈൻ വോട്ടർമാരെ കാണും. കുടുംബയോഗങ്ങളിലും പങ്കെടുക്കും.
സൗഹൃദസംഗമത്തിൽ പങ്കെടുത്ത ശേഷം കെ.എസ്. രാധാകൃഷ്ണൻ ഡോ. എ.കെ. സഭാപതി, റിട്ട.ജസ്റ്റീസ് എം.രാമചന്ദ്രൻ, ജയലക്ഷ്മി ഗോവിന്ദൻ തുടങ്ങിയവരെ വീടുകളിലെത്തി സന്ദർശിച്ചു. വൈകീട്ട് എളമക്കര സരസ്വതി വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്‌കൂൾ ആഡിറ്റോറിയത്തിൽ നടന്ന ഹിന്ദു ഐക്യവേദി ജില്ലാ പ്രതിനിധി സമ്മേളനത്തിലും പങ്കെടുത്തു. തുടർന്ന് കൊച്ചി മണ്ഡലത്തിലെ വിവധ പരിപാടികളിൽ പങ്കെടുത്തു. എളങ്കുളത്തെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിൽ എൻ.ഡി.എ നേതൃയോഗത്തിലും ഭാഗമായി.
പ്രത്യാശയുടെ സന്ദേശം പകർന്ന് ഉയിർപ്പിന്റെ ഓർമ്മ പുതുക്കി ഇടപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ നടന്ന പാതിരാ കുർബാനയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ കുടുംബസമേതം പങ്കെടുത്തു. കുർബാനയിൽ പങ്കെടുത്ത വിശ്വാസികളെ സ്ഥാനാർത്ഥി നേരിൽ കണ്ട് സ്‌നേഹാശീർവാദം വാങ്ങി. വിശ്വാസികളുമായി നേരിട്ട് സംസാരിച്ച ഹൈബി അവർക്ക് ഈസ്റ്റർ ദിന ആശംസകളും നേർന്നു. രാവിലെ വീട്ടിൽ സന്ദർശകരെ സ്വീകരിച്ചു. കുഞ്ഞുണ്ണിക്കരയിൽ കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച ഇഫ്ത്താർ വിരുന്നിലും ഹൈബി ഈഡൻപങ്കെടുത്തു.