' പെൺകുട്ടിയെ പ്രതി ചേർക്കണം, ഗൂഢാലോചനയിൽ പങ്കുണ്ട് '
തിരുവനന്തപുരം. ' ഞങ്ങളുടെ കുഞ്ഞിനെ കൊന്ന് കെട്ടിത്തൂക്കി. കൊന്നുകഴിഞ്ഞിട്ട് ഇപ്പോൾ വീണ്ടും കൊന്ന് ജയിലിൽ ഇടാൻ നോക്കുകയാണോ?. ചോദിക്കുന്നത് സിദ്ധാർത്ഥിന്റെ കുടുംബം. പെൺകുട്ടിയുടെ പരാതിക്കു പിന്നിൽ ഗൂഢാലോചനയുണ്ട്. കൊലപാതകത്തിൽ അവർക്കും പങ്കുണ്ടായതിനാലാകാം മരണം കഴിഞ്ഞ് പരാതിയുമായി ഇറങ്ങിയത്. നേരത്തെ പരാതി കൊടുത്തിരുന്നെങ്കിൽ അവൻ രക്ഷപ്പെട്ടേനെ. കാരണം കള്ളപ്പരാതി തെളിയുമല്ലോ.ഇനി അവൻ തെറ്റു ചെയ്തിരുന്നുവെങ്കിൽ ഡീബാർ ചെയ്യാമായിരുന്നല്ലോ. ഞങ്ങൾ അവനെ വീട്ടിൽ കൊണ്ടുവന്നേനെ ' --വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശും അമ്മ ഷീബയും അമ്മാവൻ ഷിബുവും പറഞ്ഞു. കൗമുദി ടിവിയിലെ സ്ട്രെയിറ്റ് ലൈൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
' കൊന്നിട്ട് ഞങ്ങളുടെ മകന്റെ സ്മരണയെപ്പോലും അപമാനിക്കാൻ നോക്കുകയാണ്.ഈ പരാതി സിദ്ധാർത്ഥ് മരിച്ച് എത്ര ദിവസം കഴിഞ്ഞാണ് വെളിച്ചം കാണുന്നത്. ആ പരാതിയിൽ ഒപ്പിട്ട എല്ലാവരെയും പ്രതി ചേർക്കണം.പെൺകുട്ടിയുടെ വൈദ്യ പരിശോധന നടത്തണം. ആ പെൺകുട്ടിയുടെ പങ്കും വ്യക്തമാകണം. ഞങ്ങളുടെ മകൻ ആരോടും മോശമായി പെരുമാറില്ല. നീതി ഉറപ്പാക്കും എന്നു പറയുന്നവരോട് ഒന്നേ പറയാനുള്ളൂ. ഈ സംഭവവുമായി ബന്ധപ്പെട്ട 31 പേരും ശിക്ഷിക്കപ്പെടണം. ഡീനും ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകനുമടക്കം കൊലപാതകത്തിൽ പങ്കുള്ള എല്ലാവരും ശിക്ഷാർഹരാണ്. ഏത് വകുപ്പുകളാണ് ചുമത്തുന്നതെന്ന് ഞാൻ നോക്കുകയാണ്. മകൻ മരിച്ച് പതിനാറിന്റെ ചടങ്ങുകൾക്കു മുമ്പ് ഇതൊക്കെ ശരിയായി ചെയ്താൽ കേസുമായി മുന്നോട്ടുപോകും.അല്ലെങ്കിൽ ഞാനും എന്റെ കുടുംബവും
വീട്ടുപടിക്കൽ പോയി കിടക്കും. ക്ളിഫ് ഹൗസിനു മുന്നിലാണോയെന്ന ചോദ്യത്തിന് അത് പിന്നീട് പറയാമെന്നായിരുന്നു അച്ഛൻ ജയപ്രകാശിന്റെ മറുപടി. പൊലീസിന്റെ അന്വേഷണത്തിൽ ഇതുവരെ അവിശ്വാസമില്ല.
കേസിൽ പ്രതികളെ സംരക്ഷിക്കാൻ രാഷ്ട്രീയ സമ്മർദ്ദമുണ്ട്. ഞങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിറകെ പോകില്ല. നീതിക്കായുള്ള ഞങ്ങളുടെ പോരാട്ടത്തിൽ ആർക്കും പിന്തുണ നൽകാം.
മകന്റെ മരണവിവരമറിഞ്ഞാണ് ഞാൻ ദുബായിയിൽ നിന്നെത്തിയത്. ആത്മഹത്യയാണെന്നാണല്ലോ വരുത്തിത്തീർക്കാൻ ശ്രമിച്ചത്. മോന്റെ സംസ്ക്കാര സ്ഥലത്തേക്കു പോകാൻ പോലും തോന്നാതെ തളർന്നിരുന്ന എന്റെയടുത്ത് ആ കോളേജിലെ രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയും വന്നു പറഞ്ഞു .' അങ്കിൾ അവനെ സിഞ്ചോയും സംഘവും തീർത്തതാണെന്ന്. ഈ വിവരം പുറത്തു പറഞ്ഞാൽ തലവെട്ടിക്കളയുമെന്ന് സിഞ്ചോ ഭീഷണിപ്പെടുത്തിയെന്നും, അങ്ങനെ ചെയ്യുന്നവർ കോളേജിനു പുറത്താകുമെന്ന് ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകൻ വിരട്ടിയെന്നും അവർ പറഞ്ഞപ്പോൾ ഞാൻ പകച്ചുപോയി-അച്ഛൻ പറഞ്ഞു .
(അഭിമുഖത്തിന്റെ പൂർണ്ണരൂപം ഇന്ന് രാത്രി 8 ന് കൗമുദി ടിവിയിൽ)