shylaja

സാർവ ദേശീയ വനിത ദിനത്തിൽ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നു ജനവിധിതേടുന്ന വനിത രത്നങ്ങൾ കേരളകൗമുദിയോടു സംസാരിച്ചു.


?കുട്ടിക്കാലത്തെ അനുഭവം

ഞാൻ ജനിക്കുമ്പോൾ എന്റെ അമ്മൂമ്മയാണ് കുടുംബം നയിച്ചിരുന്നത്. അമ്മയും ഇളയമ്മമാരുമൊക്കെയുണ്ട്. അമ്മാവൻ അന്ന് ചെറുതാണ്. വലിയമ്മാവൻമാരും ഉണ്ടായിരുന്നു. സ്ത്രീക്ക് പ്രാതിനിദ്ധ്യമുള്ള കുടുംബമായിരുന്നു. എന്നാലും അന്നത്തെ പൊതുധാരണയുണ്ടായിരുന്നു. വളരെ കുറച്ച് ആഹാരമേയുള്ളൂ. ആഹാരത്തിന്റെ വലിയ പങ്ക് പുരുഷനാണ്. ചോറും കറിയുമൊക്കെ പുരുഷന്മാർക്ക് കൊടുത്തിട്ട് ബാക്കിയുണ്ടെങ്കിലേ അമ്മയ്ക്കും ഇളയമ്മമാർക്കുമൊക്കെ കഴിക്കാൻ ഉണ്ടാകുകയുള്ളൂ. കുട്ടികൾക്കും പുരുഷന്മാർക്കും ആദ്യം വിളമ്പും. പലപ്പോഴും ബാക്കിയുണ്ടാകില്ല. അപ്പോൾ കഞ്ഞിക്കലത്തിലെ വെള്ളത്തിൽ കാന്താരി മുളക് താളിച്ച് അതുമാത്രം കുടിച്ച് പട്ടിണിയകറ്റുന്നത് കണ്ടിട്ടുണ്ട്


?അന്നും ഇന്നും

ഇന്ന് വളരെയേറെ മാറി. ഇന്ന് സ്ത്രീയും പുരുഷനും ജോലിക്കു പോകാനും കൂലി വാങ്ങാനും കഴിവുള്ളവരായി. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് സ്ത്രീകൾ വന്നു. നമ്മുടെ മനോഭാവത്തിൽ മാറ്റമുണ്ടായോയെന്നാണ് പരിശോധിക്കേണ്ടത്.

?സ്വാധീനിച്ച വനിത

ആദ്യത്തെ വ്യക്തി എന്റെ അമ്മൂമ്മയാണ്. പിന്നെ ഗൗരിയമ്മ. വൃന്ദ കാരാട്ടിനെയും സുഭാഷിണി അലിയേയും പോലുള്ളയാളുകൾ.

?പ്രതികരിക്കുന്ന സ്ത്രീകൾ കുറ്റക്കാരായി മാറില്ലേ

വളരെ അപൂർവമായേ അങ്ങനെ ഉണ്ടാകാറുള്ളൂ. അതുപേടിച്ച് പ്രതികരിക്കാതിരിക്കരുത്.

?പാർട്ടി ഒതുക്കുകയാണെന്ന് എതിരാളികൾ പറയുന്നു

തെറ്റായ പ്രചാരണമാണത്. ഇന്ത്യൻ പാർലമെന്റിൽ എന്റെ സാന്നിദ്ധ്യമുണ്ടാകണമെന്ന് പാർട്ടി തീരുമാനിക്കുന്നത് ഇകഴ്ത്തലല്ല. പാർലമെന്റിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്താനാണ് മത്സരിക്കാൻ ആവശ്യപ്പെടുന്നത്. അത് തരംതാഴ്ത്തലല്ല.


?ലോക്‌സഭയിലേക്ക് പോകുകന്നതിൽ വിഷമം തോന്നുന്നവരുണ്ടാകില്ലേ

ഞാൻ അഞ്ചുവർഷം മന്ത്രിയായിരുന്നപ്പോൾ കഴിവിന്റെ പരമാവധി പ്രവർത്തിച്ചു. പുതിയ മേഖലയിലേക്ക് പോകാൻ അവരെന്നെ അനുവദിക്കണം. ആധുനിക കേരളത്തെ വളർത്തിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വളരെ സമർത്ഥമായി പ്രവർത്തിക്കുന്നുണ്ട്. ആ സ്ഥാനത്ത് എന്നെ സങ്കല്പിക്കാൻ പോലും എനിക്ക് സാധിച്ചിട്ടില്ല.

?വിജയപ്രതീക്ഷ എങ്ങനെ

വളരെ അനുകൂലമായിട്ടുള്ള അവസ്ഥയാണ് ഇവിടെ. വടകരയിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി വിജയിക്കും.

?ടി.പി കേസിലെ വിധി തിരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടുന്നത് പ്രതിഫലിക്കില്ലേ

ടി.പി കേസ് വന്നതിനുശേഷമാണ് നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്. സംഭവിക്കാൻ പാടില്ലാത്ത സങ്കടകരമായ കാര്യമാണ് നടന്നത്. ഇത്തരം കേസുകൾ തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് തോന്നുന്നില്ല.

?ടീച്ചറെ ഒതുക്കാനാണ് കൊണ്ടുവന്നതെന്ന് കെ.കെ.രമ പറഞ്ഞിട്ടുണ്ട്. അതിനോട് എന്താണ് പ്രതികരണം

അതൊക്കെ തിരഞ്ഞെടുപ്പിന്റെ സമയത്ത് പറയുന്നതല്ലേ. അതിനോട് ഇപ്പോൾ പ്രതികരിക്കുന്നില്ല.