
കോഴിക്കോട്: നീ വെറും പെണ്ണല്ലേ, എന്ന് ചോദിച്ച് നിരുത്സാഹപ്പെടുത്തുന്നവരുടെ മുന്നിലൂടെ ബസ് ഓടിക്കുകയാണ് കോഴിക്കോട് മേപ്പയൂർ സ്വദേശിനിയായ 24കാരി അനുഗ്രഹ. കോഴിക്കോട് ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവറാണ് കക്ഷി. വനിതാ ദിനത്തിൽ അനുഗ്രഹ കേരളകൗമുദിയോട് മനസുതുറക്കുന്നു. മുരളീധരൻ - ചന്ദിക ദമ്പതികളുടെ മകളാണ് അനുഗ്രഹ.
ഇതെന്റെ പാഷൻ
ഇതെന്റെ പാഷനാണ്. പതിനെട്ട് വയസായപ്പോൾ ടൂവീലർ, ഫോർവീലർ ലൈസൻസെടുത്തു. പിന്നീട് പഠിത്തവും ജോലിയുമായി മുന്നോട്ടുപോയി. പി ജി ലോജിസ്റ്റിക്കായിരുന്നു. ഒരു വർഷം ബംഗളൂരുവിലും പിന്നെ മലപ്പുറവും ജോലി ചെയ്തു. വിദേശത്തേക്ക് പോകാനായി ജോലി രാജിവച്ച് നാട്ടിലെത്തി. രണ്ടുമാസം വെറുതെ ഇരിക്കണ്ടല്ലോ എന്ന് കരുതിയാണ് ഹെവി ലൈസൻസിന് അപേക്ഷിച്ചത്.
യൂറോപ്പിൽ ഡൈവിംഗ് മേഖലയിൽ നിന്ന് ഒരോഫറും വന്നു. അങ്ങനെ തികച്ചും അപ്രതീക്ഷിതമായി ഞാൻ എന്റെ പാഷനിലേക്കെത്തി. ലൈസൻസ് എടുക്കാൻ കൊച്ചിയിലേക്ക് പോയി. ഇതിനൊപ്പം ജെ.സി.ബിയുടെയും ക്രെയിനിന്റെയുമൊക്കെ ലൈസൻസും എടുത്തു. യൂറോപ്പിലേക്കു പോവാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
നിന്നെക്കൊണ്ട് പറ്റില്ല
അങ്ങനെ ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്. ഒരിക്കലൊരു കടയിൽ നിന്ന് സംസാരിച്ചിരിക്കുമ്പോൾ ഒരാൾ എന്നോട് ചോദിച്ചു, താനാണോ ഡ്രൈവറെന്ന്. എന്നിട്ട് എനിക്ക് വാട്സാപ്പ് ഗ്രൂപ്പിൽ വന്ന മെസേജ് കാണിച്ചുതന്നു. പെണ്ണല്ലേ, ഡ്രൈവ് ചെയ്യുന്നത് ധൈര്യമില്ലാത്തവർ കേറേണ്ടെന്ന്.
ആണുങ്ങൾ ഓടിക്കുന്ന ബസിൽ എന്ത് ധൈര്യത്തിലാണ് പോകുന്നതെന്ന് തിരിച്ചു ചോദിച്ചു. അവർ എത്രത്തോളം പരിശീലനം നേടിയവരാണെന്ന് നമുക്കറിയില്ല. കുറേ നെഗറ്റീവ് കമന്റുകൾ കേട്ടു. പ്രശസ്തിക്ക് വേണ്ടിയാണെന്നായിരുന്നു പ്രധാനമായും കേട്ട കമന്റ്. എന്നെ അടുത്തറിയുന്നവർക്ക് അറിയാം. അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല.
ഫോളോവേഴ്സിന്റെ എണ്ണം കുത്തനെ കൂടി
300 ആൾക്കാരായിരുന്നു ഇൻസ്റ്റയിൽ ഫോളോവേഴ്സായി ഉണ്ടായിരുന്നത്. അത് ഒരു ലക്ഷം കടന്നു.ഞാൻ ശരിക്കും ഷോക്കായി. ബസ് ഓടിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും പറ്റുമോയെന്ന് സംശയമുണ്ടായിരുന്നെന്നുംപറ്റുമെന്ന് ചേച്ചി തെളിയിച്ചു എന്നൊക്കെ പെൺകുട്ടികൾ മെസേജ് അയക്കാറുണ്ട്.
വനിതകളോട് പറയാനുള്ളത്
ആഗ്രഹമുണ്ടെങ്കിൽ അതിനായി പരിശ്രമിക്കണം. നെഗറ്റീവ് കമന്റുകൾ വന്നേക്കാം. അത് ശ്രദ്ധിക്കാതെ ലക്ഷ്യത്തിനായി ശ്രമിക്കുക.
കുടുംബത്തിന്റെ സപ്പോർട്ട്
എന്റെ നട്ടെല്ല് കുടുംബമാണ്. ധൈര്യം തന്നത് അച്ഛനാണ്. ചേച്ചിയും, ചേച്ചിയുടെ ഭർത്താവുമൊക്കെ ഒപ്പം നിന്നു. എട്ട് മണിയൊക്കെ കഴിഞ്ഞാണ് വീട്ടിലെത്തുക. തുടക്കത്തിൽ അമ്മയ്ക്ക് ഭയമുണ്ടായിരുന്നു. ഇപ്പോഴതുമില്ല.