x

 റംസാൻ നോമ്പിന്റെ പരിശുദ്ധിയിലേക്ക് പ്രവേശിക്കാനൊരുങ്ങി വിശ്വാസികൾ

ഭൗതിക സുഖങ്ങളിൽ മുഴുകാനും തിന്മകളെ ആഘോഷമാക്കാനുമുള്ള ചോദനകളെ ഇല്ലാതാക്കി നന്മകളിൽ ജീവിതം ധന്യമാക്കേണ്ട മാസമായ റംസാൻ വരികയാണ്. റംസാൻ എന്ന വാക്കിന്റെ അർത്ഥം തന്നെ കരിച്ചുകളയുക എന്നാണ്. തെറ്റായ ചിന്തകളെയും ആഗ്രഹങ്ങളെയും കരിച്ചുകളഞ്ഞ് ആത്മീയതയുടെ വിളവ് കൊയ്യാനുള്ള പരിശ്രമമാണ് ഈ മാസത്തിലുടനീളം വിശ്വാസികളിൽ നിന്ന് ഉണ്ടാകേണ്ടത്.

വ്രതം ഒരു അനുഷ്ഠാനം പോലെ നിർവഹിക്കുക എന്നതു മാത്രമല്ല, അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിച്ചുള്ള ചിന്തകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും നിഷ്‌കളങ്ക മനുഷ്യനായി പരിവർത്തനം ചെയ്യപ്പെടുക എന്നതിനാവണം റംസാൻ മാസത്തിൽ നാം ശ്രദ്ധ കൊടുക്കേണ്ടത്. കെട്ടുവിടുന്ന ചിന്തകൾക്ക് കടിഞ്ഞാണിട്ട്, നിയന്ത്രണങ്ങൾ അംഗീകരിച്ച് സർവശക്തൻ കൽപ്പിച്ച വഴിയിലൂടെ മുന്നോട്ടു പോകണം. വിനോദങ്ങൾക്കും ആഘോഷങ്ങൾക്കും ഏറെ സാദ്ധ്യതകളുള്ള വർത്തമാന ലോകത്തിന്റെ ഇച്ഛകളെ അടക്കിനിറുത്തി ദൈവേച്ഛയ്ക്കായുള്ള സദ്കർമ്മങ്ങളിൽ മുഴുകണം.

പുണ്യങ്ങളുടെ പൂക്കാലമെന്നാണ് റംസാൻ മാസത്തെ വിശേഷിപ്പിക്കാറുള്ളത്. 'അല്ലാഹുവേ റജബിലും ശഅബാനിലും ഞങ്ങൾക്ക് അനുഗ്രഹം ചൊരിയേണമേ, പരിശുദ്ധമായ റംസാൻ മാസത്തിലേക്ക് ഞങ്ങളെ പ്രവേശിപ്പിക്കേണമേ...' എന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് വിശ്വാസികൾ റംസാനിനായി കാത്തിരിക്കുക. നന്മകൾക്ക് പത്തു മുതൽ എഴുപത് ഇരട്ടി വരെ പ്രതിഫലമാണ് റംസാനിന്റെ വാഗ്ദാനം. ഈ മാസത്തിൽ സ്വർഗീയ കവാടങ്ങൾ തുറന്നിടും. നരകത്തിന്റെ വാതിലുകൾ കൊട്ടിയടക്കുകയും പിശാചുക്കളെ ചങ്ങലയിൽ ബന്ധിക്കുകയും ചെയ്യും. സ്വർഗത്തിന്റെ റയ്യാൻ എന്ന വാതിലിലൂടെ നോമ്പുകാർക്കു മാത്രമാണ് പ്രവേശനം. അന്ത്യദിനത്തിൽ നോമ്പുകാർ എവിടെയെന്ന് വിളിച്ചു ചോദിക്കും. അപ്പോൾ നോമ്പുകാർ എഴുന്നേറ്റുനിൽക്കും. റയ്യാൻ കവാടത്തിലൂടെ അവർ പ്രവേശിച്ചുകഴിഞ്ഞാൽ ആ വാതിൽ പൂർണമായും അടച്ചു കളയും. പിന്നീട് ആരും തന്നെ അതിലൂടെ പ്രവേശിക്കുകയുമില്ല.

ശരീരവും മനസുമെല്ലാം അല്ലാഹുവിന് സമർപ്പിക്കണമെന്നാണ് ഇസ്‌ലാമിൽ ആരാധനകളുടെ മർമ്മം. വികാര വിചാരങ്ങൾപോലും അല്ലാഹുവിന്റെ തൃപ്തിയിലായിരിക്കണം. ആ തരത്തിലുള്ള പരിവർത്തനത്തിലേക്കാണ് റംസാനും വ്രതവും വിശ്വാസികളെ നയിക്കുന്നത്. ത്യാഗവും അനുസരണയും ആത്മീയതയും സ്‌നേഹവും ക്ഷമയും പാരസ്പര്യവും സാഹോദര്യവും സമാധാനവുമെല്ലാം പഠിപ്പിക്കാനും മികച്ച വ്യക്തിത്വം രൂപപ്പെടുത്താനും റംസാനിന് സാധിക്കുന്നു. പരമാവധി വിദ്വേഷം കുത്തിവച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ എങ്ങും ഉണ്ടായിക്കൊണ്ടേയിരിക്കുന്നു.


കോപത്തെ അടക്കിനിറുത്തണമെന്നും വിട്ടുവീഴ്ച ചെയ്യണമെന്നുമാണ് ഖുർആൻ കൽപ്പിച്ചത്. ഉപദ്രവിക്കുന്നവനോട് ക്ഷമിക്കുന്നത് ദൗർബല്യമല്ല, ശക്തിയാണ്. സഹജീവി സ്‌നേഹവും കാരുണ്യവും റംസാൻ മാസത്തിലെ വലിയൊരു ആരാധനയാണ്. ദാനധർമ്മങ്ങൾ അധികരിപ്പിച്ചും കഷ്ടപ്പെടുന്നവരെ ചേർത്തുപിടിച്ചും സർവശക്തനിലേക്ക് കൂടുതൽ അടുക്കാൻ നമുക്കു കഴിയണം. സഹായങ്ങളിൽ പ്രകടനപരത പാടില്ല. വലതുകൈ കൊടുക്കുന്നത് ഇടതുകൈ അറിയാത്തത്രയും സൂക്ഷ്മവും രഹസ്യവുമായി ആയിരിക്കണം ദാനങ്ങൾ ചെയ്യേണ്ടത്. അതിലാണ് അല്ലാഹുവിന്റെ തൃപ്തി. റംസാൻ മാസം സർവശക്തന്റെ തൃപ്തിയിലും സന്തോഷത്തിലും ചെലവഴിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

(ആത്മീയാചാര്യനും മുസ്‌‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റുമാണ് ലേഖകൻ)