പഞ്ചലോഹ സരസ്വതീ വിഗ്രഹവും പതിനഞ്ചു ലക്ഷം രൂപയും പൊന്നാടയും പ്രശസ്തിപത്രവും കാവ്യാഖ്യായികയായ രൗദ്ര സാത്വികത്തിനാണ് പുരസ്കാരം. ന്യൂഡൽഹി: വിഖ്യാത സാഹിത്യ പുരസ്കാരമായ സരസ്വതി സമ്മാൻ കവിയും ഗാനരചയിതാവും മാദ്ധ്യമപ്രവർത്തകനുമായ പ്രഭാവർമ്മയ്ക്ക്. വർമ്മയുടെ ഏറ്റവും പുതിയ കാവ്യാഖ്യായികയായ രൗദ്ര സാത്വികത്തിനാണ് പുരസ്കാരം. പഞ്ചലോഹ സരസ്വതീ വിഗ്രഹവും പതിനഞ്ചു ലക്ഷം രൂപയും പൊന്നാടയും പ്രശസ്തിപത്രവും ഉൾപ്പെട്ടതാണ് സരസ്വതീ സമ്മാൻ. ഇന്ത്യയിലെ ഏറ്റവും സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരമാണിത്. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റീസ് അർജുൻ കുമാർ സിക്രി അദ്ധ്യക്ഷനായ പതിമൂന്നംഗ ജൂറിയാണ് അവാർഡു നിർണയിച്ചതെന്ന് സംഘാടകരായ കെ.കെ.ബിർള ഫൗണ്ടേഷൻ ഡയറക്ടർ ഡോ.സുരേഷ് ഋതുപർണ പത്രക്കുറിപ്പിൽ അറിയിച്ചു. മുപ്പത്തിമൂന്നാമതു സരസ്വതീ സമ്മാൻ( 2023 ) ആണ് ഇപ്പോൾ പ്രഖ്യാപിച്ചത്. 1991 ൽ ഹിന്ദി കവി ഹരിവംശറായി ബച്ചനാണ് ആദ്യമായി ഇതു ലഭിച്ചത്. ബാലാമണിയമ്മ, ഡോ. കെ അയ്യപ്പപ്പണിക്കർ, സുഗതകുമാരി എന്നിവർക്കാണ് മലയാളത്തിൽ നിന്ന് മുമ്പ് സരസ്വതി സമ്മാൻ ലഭിച്ചിട്ടുള്ളത്. 12 വർഷത്തിനുശേഷമാണ് ഈ വിഖ്യാത പുരസ്കാരം മലയാള ഭാഷയെ വീണ്ടും തേടിയെത്തുന്നത്. കഴിഞ്ഞ പത്തു വർഷത്തിനിടെ ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഇംഗ്ലീഷിലുമായി ഉണ്ടായ ഏറ്റവും മികച്ച സാഹിത്യ കൃതിക്കാണ് പുരസ്കാരം.രാജ്യത്തെ 22 ഭാഷാ കമ്മിറ്റികൾ തിരഞ്ഞെടുത്ത രചനകളിൽ നിന്നും അഞ്ച് കൃതികളാണ് അവസാന റൗണ്ടിൽ എത്തിയത്. ഇതിൽ നിന്നാണ് അന്തിമ ജൂറി രൗദ്ര സാത്വികം തിരഞ്ഞെടുത്തത്. ഇത്തവണത്തെ അന്തിമ ജൂറിയിൽ മലയാളത്തിൽ നിന്ന് അംഗങ്ങൾ ഉണ്ടായിരുന്നില്ല. രൗദ്രസാത്വികത്തിനു പുറമെ ശ്യാമ മാധവം കനൽച്ചിലമ്പ് എന്നീ കാവ്യാഖ്യായികകളും പതിമൂന്നു കാവ്യ സമാഹാരങ്ങളും മുപ്പതോളം ഇതരകൃതികളും പ്രഭാവർമ്മയുടേതായിട്ടുണ്ട്. നാടക ഗാനരചനയ്ക്ക് മൂന്നുവട്ടം സംഗീത നാടക അക്കാഡമി അവാർഡു നേടി. കേന്ദ്ര -കേരള സാഹിത്യ അക്കാഡമി അവാർഡുകൾ, വയലാർ അവാർഡ്, ആശാൻ പ്രൈസ്, ഉള്ളൂർ വള്ളത്തോൾ പുരസ്കാരങ്ങൾ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ചലച്ചിത്രഗാനരചനയ്ക്കുള്ള ദേശീയ പുരസ്കാരം ഒരു വട്ടവും സംസ്ഥാന അവാർഡ് മൂന്നുവട്ടവും ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മീഡിയ സെക്രട്ടറിയാണിപ്പോൾ പ്രഭാവർമ്മ.