
വിദ്യാഭാസ ആവശ്യത്തിന് ഓഫീസുകളെ സമീപിക്കുന്ന രക്ഷിതാക്കളെ അനാവശ്യമായ കാര്യങ്ങൾ നിരത്തി സർട്ടിഫിക്കറ്റ് മുടക്കുന്ന വിരുതൻമാർ റവന്യു വകുപ്പിൽ ഇപ്പോഴും ഉണ്ടെന്ന് തെളിയിക്കുന്നതാണ് വ്യത്യസ്ഥ മതമായാലും ജാതി സർട്ടിഫിക്കറ്റിന് അവകാശമുണ്ടെന്ന് കാട്ടി കഴിഞ്ഞ ദിവസം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പുറപ്പെടുവിച്ച വിധി.പുലയ സമുദായത്തിൽപ്പെട്ട മാതാവിനും ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ട പിതാവിനും ജനിച്ച പെൺകുട്ടിക്ക് വിദ്യാഭ്യാസ ആവശ്യത്തിന് പുലയസമുദായാംഗം ആണെന്ന സർട്ടിഫിക്കറ്റ് അനുവദിക്കാൻ വൈക്കം തഹസിൽദാർക്ക് ഹൈക്കോടതി നിർദ്ദേശം നൽകുകയായിരുന്നു.മറ്റെല്ലാ ഘടകവും അനുകൂലമായിട്ടും സർട്ടിഫിക്കറ്റ് നൽകാതിരുന്ന നടപടിയെ വിമശിച്ച കോടതി ഉടൻ സർട്ടിഫിക്കറ്റ് നൽകിയിരിക്കണമെന്ന് കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്.
വ്യത്യസ്ഥ സമുദായങ്ങളിലുള്ളവരാണെങ്കിലും ജീവിതസാഹചര്യം കൂടി കണക്കിലെടുക്കണമെന്ന് കോടതി നിരീക്ഷിക്കുകയുണ്ടായി.ഇക്കാര്യത്തിൽ അമിക്കസ് ക്യൂറി കോടതി മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടിൽ സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥ അനുഭവിച്ചാണ് കുട്ടി വളർന്നതെന്ന് വ്യക്തമാക്കിയിരുന്നു.ഹിന്ദു ആചാരപ്രകാരം വിവാഹിതരായ ദമ്പതികൾ അതേ രീതിയിലാണ് ജീവിക്കുന്നതെന്ന് വില്ലേജ് ഓഫീസറും റിപ്പോർട്ടു നൽകി.ഭർത്താവ് ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്തില്ലെന്ന ന്യായം പറഞ്ഞാണ് സർട്ടിഫിക്കറ്റ് നിഷേധിച്ചത്.വ്യത്യസ്ഥ സമുദായങ്ങളിലുള്ളവരെന്ന് വിലയിരുത്തി
ആർ.ഡി.ഓയും അപേക്ഷ നിരസിച്ചിരുന്നു.ഭർത്താവ് കിടപ്പു രോഗിയായതിനാൽ നിത്യച്ചെലവിനു പോലും കുടുംബം ബുദ്ധിമുട്ടുകയാണെന്ന് അപേക്ഷയിൽ പറഞ്ഞിരുന്നു.ഈ സാഹചര്യം കണക്കിലെടുത്താണ് വില്ലേജ് ഓഫീസർ അനുകൂല റിപ്പോർട്ട് നൽകിയത്. പക്ഷെ തഹസിൽദാർ അത് അംഗീകരിച്ചില്ല.
പട്ടിക വിഭാഗക്കാരെ വിവാഹം കഴിച്ച മറ്റു മതസ്ഥർ മതം മാറാത്ത പക്ഷം പട്ടിക ജാതി സർട്ടിഫിക്കറ്റ് നൽകരുതെന്ന സർക്കാർ ഉത്തരവൊന്നും നിലവില്ലാതിരിക്കെയാണ് തഹസിൽദാറും ആർ.ഡി.ഓയും ഒരു പാവം കുട്ടിയുടെ വിദ്യാഭ്യാസ ആവശ്യത്തിനുള്ള സർട്ടിഫിക്കറ്റിനു ഇടങ്കോലിട്ടത്.അധികാര ദുർവിനിയോഗത്തിന് ഇതിലും കൂടുതൽ എന്ത് തെളിവാണ് നൽകാനുള്ളത്.ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല.റവന്യ ഓഫീസുകളിൽ കയറിയിറങ്ങി വലയുന്ന രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും എവിടെയും കാണാനാകും.മുമ്പത്തേക്കാൾ സ്ഥിതി മെച്ചപ്പെട്ടുവെങ്കിലും ജോലിക്കള്ളൻമാരും അഴിമതി വീരൻമാരും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അടയിരിക്കുന്നത് റവന്യു ഓഫീസുകളിലാണെന്ന് സർക്കാർ തന്നെ പറയുന്നുണ്ട്.ഏത് സർക്കാർ അധികാരത്തിൽ വന്നാലും ഇതിലൊന്നും അടിസ്ഥനപരമായ മാറ്റം വരുത്താൻ കഴിയാറില്ല.
റവന്യു വകുപ്പ് ഭരിക്കുന്നത് ഊർജ്ജസ്വലനായ മന്തി കെ.രാജനാണ്.അഴിമതി ഇല്ലാതാക്കാനും വകുപ്പിനെ കൂടുതൽ സുതാര്യമാക്കാനും അദ്ദേഹം കഠിനാദ്ധ്വാനം ചെയ്യുന്നുണ്ടെന്നതിൽ സംശയമില്ല.പക്ഷെ ആ വേഗം
ഉദ്യോഗസ്ഥരിൽ പ്രകടമായി കാണാനില്ലെന്നത് വസ്തുതയാണ്. കൈക്കൂലി നൽകിയാൽ എന്തുകാര്യവും പുഷ്പം പോലെ സാധിച്ചെടുക്കാവുന്ന വകുപ്പു കൂടിയാണ് റവന്യു വകുപ്പ് എന്ന് പറയാൻ രണ്ടു വട്ടം ആലോചിക്കേണ്ടതില്ല. സംഘടനാ ശക്തി ഏറ്റവും പ്രകടമാകുന്ന സർക്കാർ ഓഫീസുകളിൽ സാധാരണക്കാരന്റെപ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ നെട്ടോട്ടം ഓടേണ്ടിവരും.വിദ്യാർത്ഥികൾ വിവിധ പരീക്ഷകൾക്ക് അപേക്ഷിച്ചു തുടങ്ങുന്ന വേളയാണിത്.അവരുടെ ആവശ്യങ്ങൾ ചുവപ്പുനാടയുടെ തടസ്സങ്ങൾ
ചൂണ്ടിക്കാട്ടി കുരുക്കിയിടാതെ അതിവേഗം നൽകാൻ സർക്കാർ നേരിട്ടു നിർദ്ദേശിക്കണം.കെ-ഡിസ്ക്ക് വന്നതോടെ എല്ലാ സേവനങ്ങളും ഓൺലൈനിലാക്കി എന്ന് ഊറ്റം കൊള്ളുമ്പോൾ പാവപ്പെട്ടവർ ഇപ്പോഴും വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടെന്ന സത്യം കൂടി സർക്കാർ തിരിച്ചറിയണം. പഠനാവശ്യങ്ങൾക്കുള്ള സർട്ടിഫിക്കറ്റിനായി വരുന്നവരുടെ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കാൻ വില്ലേജ് ഓഫീസിലായും താലൂക്ക് ഓഫീസുകളിലായാലും ഒരു ഹെൽപ്പ് ഡെസ്ക്ക് ആരംഭിക്കുന്നത് ഉപകാരപ്രദമായിരിക്കും.ഇക്കാര്യം സർക്കാർ ഗൗരവമായി ആലോചിക്കണം.