
കുമളി: ബിവറേജസ് കോർപ്പറേഷന്റെ കുമളി ചില്ലറ വിൽപ്പനശാലയിൽ നിന്ന് ചില ജീവനക്കാർ 5 ലക്ഷം രൂപയുടെ വിദേശ മദ്യം അടിച്ചുമാറ്റി. ഇത് മറയ്ക്കാൻ മറ്റൊരു കള്ളത്തരത്തിലൂടെ ഒഴുക്കിക്കളഞ്ഞത് 20 ലക്ഷത്തിന്റെ മദ്യം. 5 ലക്ഷത്തിന്റെ നഷ്ടം കണ്ടുപിടിച്ച് നഷ്ടപരിഹാരം ഈടാക്കി. എന്നാൽ 20 ലക്ഷം പാഴാക്കിയതിൽ വർഷം രണ്ടു കഴിഞ്ഞിട്ടും നടപടിയില്ല.
കരട് കണ്ടെത്തിയെന്ന പരാതിയിൽ 2019 ജനുവരി 16ന് എക്‌സൈസ് താത്കാലികമായി വിൽപ്പന നിരോധിച്ച് ഫ്രീസ് ചെയ്ത 361 കെയ്‌സ് ജവാൻ മദ്യത്തിൽ നിന്ന് 35 കെയ്‌സാണ് ആദ്യം മുക്കിയത്. ഒരു കെയ്സിൽ ഒമ്പത് ലിറ്റർ മദ്യമാണുണ്ടാകുക. അങ്ങനെ 315 ലിറ്റർ മദ്യമാണ് അടിച്ചുമാറ്റിയത്. നിലവിലെ ജവാന്റെ വില ലിറ്ററിന് 640 രൂപ വച്ച് കണക്കാക്കിയാൽ 2,01,600 ലക്ഷം രൂപയുടെ മദ്യം. തോട്ടം തൊഴിലാളികൾക്ക് ഇവ വിറ്റ് കാശാക്കിയെന്നാണ് വിവരം.
2022 ഏപ്രിൽ 21ന് ചില്ലറ വില്പനശാലയിൽ ചാർജെടുത്ത രണ്ട് ജീവനക്കാർ സ്റ്റോക്കിലുള്ള പല മദ്യവും അപ്രത്യക്ഷമായത് ശ്രദ്ധയിൽപ്പെട്ട് നടത്തിയ പരിശോധനയിലാണ് ജവാൻ തട്ടിപ്പും കണ്ടെത്തിയത്. ജവാൻ കൂടാതെ മൂന്ന് ലക്ഷത്തിലേറെ രൂപയുടെ മറ്റ് മദ്യവും നഷ്ടപ്പെട്ടിരുന്നു. ഇത് ബിവറേജസ് ഉന്നതരെ അറിയിച്ചപ്പോൾ സ്റ്റോക്ക് വെരിഫിക്കഷൻ നടത്തി വീഡിയോയിൽ പകർത്താൻ നിർദ്ദേശിച്ചു. തെളിവടക്കമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ 5,87,560 രൂപ ജീവനക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി.
എന്നാൽ, കള്ളം തെളിയാതിരിക്കാൻ ജീവനക്കാർ നേരത്തേ നടത്തിയത് വൻ തരികിടയാണ്. ഫ്രീസ് ചെയ്ത മദ്യത്തിന്റെ ലാബ് പരിശോധനയിൽ കുഴപ്പമില്ലെന്നു കണ്ടെത്തി വിതരണാനുമതി നൽകിയ കാര്യം ഇവർ മറച്ചുവച്ചു. 326 കെയ്സ് ജവാൻ ടെറസിൽ ആരുമറിയാതെ രണ്ടു വർഷത്തോളം ഒളിപ്പിച്ച് കേടുവരുത്തി. തുടർന്ന് കാലാവധി കഴിഞ്ഞ സ്റ്റോക്കെന്നു കാണിച്ച് നശിപ്പിക്കാൻ അനുമതിയും നേടി. 2022 ഏപ്രിലിൽ എക്സൈസ് എത്തി ഒഴുക്കിക്കളഞ്ഞു. ഇതുവഴി സർക്കാരിന് നഷ്ടം 20 ലക്ഷത്തോളം രൂപയാണ്. കോട്ടയം ഡിസ്ട്രിക്ട് ഓഡിറ്റ് ടീമാണ് മദ്യം നശിപ്പിക്കാൻ ഉത്തരവിട്ടത്.
കേടെന്നു വരുത്തി മാറ്റിവയ്ക്കും
പുറത്തുവിറ്റ് കാശാക്കും
മദ്യത്തിൽ 'കരട് ' ഉണ്ടെന്ന പരാതിയെ തുടർന്ന് പൊതുജനാരോഗ്യം കണക്കിലെടുത്താണ് വില്പന ഫ്രീസ് ചെയ്യുന്നത്
ഇല്ലാത്ത തകരാർ പറഞ്ഞ് മദ്യം ഫ്രീസ് ചെയ്യിപ്പിച്ച് മറിച്ചുവിറ്റ് കീശ വീർപ്പിക്കൽ കുമളി ഔട്ട്‌ലെറ്റിൽ ആദ്യമല്ലെന്നാണ് വിവരം
അയർക്കുന്നം വെയർഹൗസിന് കീഴിലുള്ള 13 ചില്ലറ വിൽപ്പനശാലകളിലും ഒരേ ഡിസ്റ്റിലറിയിൽ നിന്ന് ഒരേ ബാച്ച് മദ്യമാണെത്തുന്നത്
എന്നാൽ മറ്റ്ചില്ലറ വിൽപ്പന ശാലകളിലെ മദ്യക്കുപ്പികളിലൊന്നും കരട് കാണുകയോ ഫ്രീസ് ചെയ്യുകയോ ഉണ്ടായില്ല
തട്ടിപ്പിന് ചുക്കാൻ പിടിച്ച ജീവനക്കാരൻ പ്രൊമോഷനോടെ ഇപ്പോഴും ഇതേ ഔട്ട്‌ലെറ്റിൽ തുടരുകയാണ്