തൊടുപുഴ: ബി.ആർ.സി.കരിമണ്ണൂരിന്റെ നേതൃത്വത്തിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായി എക്‌സ്‌പോഷർ വിസിറ്റ് സംഘടിപ്പിച്ചു. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ സാമൂഹികപരവും അക്കാദമികപരവുമായ ശേഷി വികാസമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ബി.ആർ.സി.പരിധിയിലെ വിവിധ സ്‌കൂളുകളിലെ 51 കുട്ടികളും, രക്ഷിതാക്കളും, ജനപ്രതിനിധികളും, അദ്ധ്യാപകരുമുൾപ്പടെ 75 പേർ പഠനയാത്രയിൽ പങ്കെടുത്തു. മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, വല്ലാർപാടം, എറണാകുളം എന്നിവിടങ്ങൾ സന്ദർശിച്ചു. കോടിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹലീമ നാസർ, ബി.പി.സി.മനോജ് റ്റി.പി., ട്രെയിനർ സിന്റോ ജോസഫ്, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ ആതിര ദേവരാജ് എന്നിവർ എക്‌സ്‌പോഷർ വിസിറ്റിന് നേതൃത്വം നൽകി.