തൊടുപുഴ: ഹയർസെക്കൻഡറി പരീക്ഷാ ഡ്യൂട്ടിക്ക് വ്യാപകമായി പ്രൈമറി അദ്ധ്യാപകരെ നിയോഗിച്ചിരിക്കുന്നത് പ്രൈമറി സ്‌കൂളുകളിലെ പഠന പ്രവർത്തനങ്ങളുടെയും സ്‌കൂൾ വാർഷിക ആഘോഷം, വാർഷിക പരീക്ഷ എന്നിവയുടെയും താളം തെറ്റിച്ചിരിക്കുകയാണെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ഹൈസ്‌കൂൾ അറ്റാച്ച്ഡ് എൽ.പി/ യു.പി സ്‌കൂളുകളിൽ നിന്ന് മാത്രമേ അദ്ധ്യാപകരെ പരീക്ഷ ഡ്യൂട്ടിക്ക് നിയോഗിക്കാവൂ എന്ന സർക്കാർ ഉത്തരവ് കാറ്റിൽ പറത്തികൊണ്ടാണ് ഇൻഡിപെൻഡന്റ് പ്രൈമറി സ്‌കൂളുകളിൽ നിന്ന് അദ്ധ്യാപകരെ വ്യാപകമായി കട്ടപ്പന ഡി.ഇ.ഒ ഹയർ സെക്കൻഡറി പരീക്ഷ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. നിയമവിരുദ്ധമായ ഈ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഡെയ്‌സൺ മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അസോ. ജനറൽ സെക്രട്ടറി വി.എം. ഫിലിപ്പച്ചൻ, വി.ഡി. എബ്രഹാം, സി.കെ. മുഹമ്മദ് ഫൈസൽ, ബിജോയി മാത്യു, പി.എം. നാസർ, ജോബിൻ കളത്തിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.