fire
കാഞ്ഞാർ മഹാദേവക്ഷേത്രത്തിലെ കുളിക്കടവിന് സമീപം മാലിന്യം കത്തിച്ച നിലയിൽ

കാഞ്ഞാർ: മഹാദേവ സുബ്രഹ്മണ്യ ക്ഷേത്രത്തിന് പിൻവശത്തുള്ള കുളിക്കടവിനോട് ചേർന്ന് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതായി പരാതി. ഇവിടെയുള്ള പഴയ വെട്ടുകല്ല് കുഴിയിലാണ് മാലിന്യങ്ങൾ കത്തിക്കുന്നത്. പുകയും രൂക്ഷമായ ഗന്ധവും കാരണം സമീപത്തെ വീടുകളിൽ താമസിക്കാൻ കഴിയാത്ത അവസ്ഥയാണ്. രാത്രിയുടെ മറവിലാണ് ചിലർ ഇവിടെ മാലിന്യങ്ങൾ തള്ളുന്നത്. ചാക്ക് കെട്ടുകളിലാണ് മാലിന്യം എത്തിക്കുന്നത്. രാത്രിയായാൽ ഈ പ്രദേശം വിജനമാണ്. ഈ സൗകര്യം ഉപയോഗപ്പെടുത്തിയാണ് മാലിന്യം തള്ളുന്നത്. കുളിക്കടവിനോട് ചേർന്നുള്ള സർക്കാർ വക സ്ഥലത്തെ കുഴിയിലാണ് മാലിന്യം ഇട്ട് കത്തിക്കുന്നത്. ബാർബർ ഷോപ്പിൽ നിന്നുള്ള മാലിന്യങ്ങളും ഇവിടെ കൊണ്ടുവന്ന് ഇടുന്നുണ്ട്. മുടി കത്തുന്ന ഗന്ധം ദൂരെ പ്രദേശത്ത് വരെ എത്തും. ക്ഷേത്രത്തോട് വളരെ അടുത്താണ് കുളിക്കടവ് ഉള്ളത്. ക്ഷേത്രത്തിൽ എത്തുന്നവർക്ക് ഗന്ധവും പുകയും വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. രാത്രിയിൽ തീയിടുന്ന മാലിന്യം രാവിലെയായാലും കത്തി തീരാറില്ല. പുലർച്ചെ കുളിക്കടവിൽ നിരവധി പേർ കുളിക്കാൻ എത്തുന്നുണ്ട്. ഇവർ എല്ലാം രൂക്ഷമായ ഗന്ധം സഹിച്ചാണ് കുളിക്കടവിൽ നിന്ന് മടങ്ങുന്നത്. ക്ഷേത്രത്തിനും കുളിക്കടവിനും സമീപം മാലിന്യം കത്തിക്കുന്നവരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.