ഇടുക്കി: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി നാളെ നടക്കും. അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കാണ് പോളിയോ തുള്ളിമരുന്ന് നൽകുന്നത്. അഞ്ചു വയസ്സിൽ താഴെ പ്രായമുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഓരോ ഡോസ് പോളിയോ വാക്‌സിൻ നൽകുന്നതിന് 1021 വാക്‌സിനേഷൻ ബൂത്തുകൾ ജില്ലയിൽ സജ്ജീകരിച്ചിട്ടുണ്ട്. നവജാത ശിശുക്കൾ ഉൾപ്പെടെയുള്ള അഞ്ച് വയസിൽ താഴെ പ്രായമുള്ള എല്ലാ കുഞ്ഞുങ്ങൾക്കും പോളിയോ വാക്‌സിൻ ലഭിക്കുന്നു എന്ന് മാതാപിതാക്കൾ ഉറപ്പ് വരുത്തണം.
നാളെ തിരഞ്ഞെടുക്കപ്പെട്ട ബൂത്തുകളിൽ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ കുഞ്ഞുങ്ങൾക്ക് പോളിയോ വാക്‌സിൻ നൽകും. അന്ന് ലഭിക്കാത്തവർക്ക് 4, 5 തീയതികളിൽ ഭവനസന്ദർശനത്തിലൂടെ വാക്‌സിൻ നൽകും. 69092 കുഞ്ഞുങ്ങൾക്ക് വാക്‌സിൻ ലഭ്യമാക്കുകയാണ് പരിപാടിയുടെ പ്രധാനലക്ഷ്യം. വാക്‌സിനേഷന്റെ സുഗമമായ നടത്തിപ്പിനായി 21 ട്രാൻസിസ്റ്റ് ബൂത്തുകളും 27 മൊബൈൽ ടീമുകളെയും നിയോഗിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി 120 സൂപ്പർ വൈസർമാരെയും നിയോഗിച്ചിട്ടുണ്ട്.
ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്കും ആദിവാസി മേഖലകളിലുള്ള കുഞ്ഞുങ്ങൾക്കും വാക്‌സിൻ നൽകുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. പൾസ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഇടുക്കി മെഡിക്കൽ കോളേജിൽ നാളെ നടക്കും.