തൊടുപുഴ: എട്ട് വർഷമായിട്ടും വന്യമൃഗശല്യം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നും ചെയ്തില്ലെന്ന് ഡീൻ കുര്യാക്കോസ് എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു തവണ പോലും കർഷകരുടെ പ്രശ്നങ്ങൾ കേന്ദ്രസർക്കാരിന് മുന്നിൽ അവതരിപ്പിക്കാനോ, നൽകിയ നിവേദനങ്ങളിൽ ഒരു വരി ചേർക്കാനോ പോലും അദ്ദേഹം തയ്യാറായിട്ടില്ല. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്നാണ് പാർട്ടി നിർദേശപ്രകാരം മൂന്നാറിൽ നടത്തിവന്ന നിരാഹാര സമരം താൻ അവസാനിപ്പിച്ചത്. എന്നാൽ താനും പാർട്ടിയും സമരങ്ങൾ തുടരും. നിരാഹാര സമരം തുടങ്ങിയ ദിവസം വനംമന്ത്രി ഒരു കത്ത് നൽകിയിരുന്നു. ആനകളെ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിക്കും, പ്രത്യേക ആർ.ആർ.ടി. സംഘത്തെ മേഖലയിൽ നിയോഗിക്കും, കാട്ടാന ആക്രമണങ്ങൾ രൂക്ഷമായ മേഖലകളിൽ വനംവകുപ്പും പൊലീസും സംയുക്ത നിരീക്ഷണം നടത്തും എന്നീ ഉറപ്പുകളാണ് വനംമന്ത്രി നൽകിയത്. എന്നാൽ പ്രശ്‌നക്കാരായ ആനകളെ പ്രദേശത്തുനിന്ന് പിടിച്ച് മാറ്റാൻ നടപടി വേണമെന്ന് ഉറച്ച് നിന്നതിനാലാണ് സമരം തുടർന്നത്. കാട്ടാന ശല്യം തടയാൻ സർക്കാർ 1.20 കോടി രൂപ ചെലവാക്കിയ സ്ഥലമാണ് മാങ്കുളം. അവിടെ അതിന്റേതായ മാറ്റങ്ങളുണ്ട്. എന്നാൽ കാട്ടാന ആക്രമണം ഏറ്റവും കൂടുതലുള്ള മൂന്നാർ,​ ചിന്നക്കനാൽ മേഖലയിൽ പണം ചെലവാക്കി പദ്ധതികൾ നടപ്പാക്കാൻ സർക്കാരും വനംവകുപ്പും തയ്യാറാകുന്നില്ല. വന്യമൃഗ ആക്രമണത്തിൽ മരിച്ചവർക്ക് ഇനിയും നഷ്ടപരിഹാരത്തുക മുഴുവൻ ലഭിച്ചിട്ടില്ല. കാട്ടാന കൊലപ്പെടുത്തിയവരുടെ കുടുംബത്തിന് 50,000 രൂപ മാത്രം കൊടുത്ത് ഒഴിവാക്കിയ സംഭവങ്ങളുമുണ്ട്. വന്യമൃഗങ്ങളുടെ ശല്യവുമായി ബന്ധപ്പെട്ട് പാർലമെന്റിൽ എട്ട് സബ്മിഷനുകൾ ഉന്നയിച്ചിട്ടുണ്ട്. ക്ഷുദ്രജീവി പട്ടിക എടുത്തുകളഞ്ഞ നടപടി പുനഃപരിശോധിക്കണമെന്ന് പരിസ്ഥിതി മന്ത്രാലയത്തോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. കൃഷിയിടത്തിലിറങ്ങുന്ന വന്യജീവികളെ വെടിവെച്ച് കൊല്ലുക, നഷ്ടപരിഹാരത്തുക കൃത്യമായി വിതരണം ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കണം എന്നിങ്ങനെ രണ്ട് ബില്ലുകളും താൻ പാർലമെന്റിൽ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്രസർക്കാർ അവരുടെ ഭൂരിപക്ഷം ഉപയോഗിച്ച് ഇതെല്ലാം തള്ളിക്കളയുകയാണ് ചെയ്തത്. മൂന്നാ,​ ചിന്നക്കനാൽ മേഖലയ്ക്കായി പ്രത്യേക പാക്കേജ് കൊണ്ടുവരിക, ചിന്നക്കനാൽ ഫോറസ്റ്റ് റിസർവ് വിജ്ഞാപനം റദ്ദ് ചെയ്ത് പുതിയ വിജ്ഞാപനം ഇറക്കുക, മതികെട്ടാൻ ചോലയിലെ ബഫർ സോൺ ഒരു കിലോമീറ്റർ എന്നത് പൂജ്യമാക്കുക, 1964 റൂൾ പ്രകാരമുള്ള ജില്ലയിലെ പട്ടയവിതരണം തുടരുന്നതിന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുക എന്നിവ സർക്കാർ വേഗത്തിൽ നടപ്പാക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നതെന്നും ഡീൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, യൂത്ത്‌ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. അരുൺ, ജോൺ നെടിയപാല എന്നിവർ പങ്കെടുത്തു.

'ജനങ്ങൾ എന്തിന് ഇടതിന് വോട്ട് ചെയ്യണം"

ഇടുക്കിയിലെ ജനങ്ങൾ എന്തിന് വേണ്ടി ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്ന് ഡീൻ ചോദിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടുക്കിയിലെ സ്ഥാനാർത്ഥി താനാണെങ്കിൽ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മെച്ചപ്പെടുത്തുന്ന ജനഹിതമാവും ഉണ്ടാവുക. കഴിഞ്ഞ തവണ 1,71053 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. മണ്ഡലത്തിന്റെ എല്ലാ മേഖലകളിലും വ്യക്തമായ ഭൂരിപക്ഷം നേടാനായി. ഇത്തവണയത് മെച്ചപ്പെടുത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി ആരാണെന്നത് പ്രശ്നമല്ല. വരാൻ പോകുന്ന തിരഞ്ഞെടുപ്പിനെയും തികച്ചും രാഷ്ട്രീയമായാണ് തങ്ങൾ കാണുന്നത്. എതിർ സ്ഥാനാർത്ഥികളെയാരെയും വിലകുറച്ച് കാണുന്നില്ലെന്നും ഡീൻ പറഞ്ഞു.