ഉപജീവന ആശയങ്ങൾ പങ്കുവെച്ച് ഊരുസംഗമം
മൂന്നാർ: ഇടമലക്കുടി ഗ്രാമപഞ്ചായത്തിൽ ഈ വർഷം നൂറു കുടുംബങ്ങൾക്ക് ഉപജീവനമൊരുക്കാൻ കുടുംബശ്രീ ഊരുസംഗമത്തിൽ തീരുമാനം. വിവിധ കുടികളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്ത ഊരുസംഗമം ഇടമലക്കുടിയുടെ പ്രധാന കാർഷിക ഉത്പന്നങ്ങളായ കരുമുളകിന്റെയും ഏലത്തിന്റെയും ബ്രാൻഡിംഗ് അടക്കമുള്ള പുതിയ സംരംഭങ്ങളെ കുറിച്ചുള്ള ചർച്ചകൾ കൊണ്ടും ശ്രദ്ധേയമായി. ദേവികുളം ബ്ലോക്കിൽ മൂന്നാർ ഗ്രാമപഞ്ചായത്തിന്റെ ഒന്നാം വാർഡായിരുന്ന ഇടമലക്കുടി 2010 നവംബർ ഒന്നിനാണ് കേരളത്തിലെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായി രൂപീകരിക്കുന്നത്. അതിനു മുമ്പ് തന്നെ ഇവിടെ കുടുബശ്രീ പ്രവർത്തനങ്ങൾ സജീവമായിരുന്നു. പ്രത്യേക പഞ്ചായത്താക്കിയ ശേഷം പ്രവർത്തനങ്ങൾ കൂടുതൽ സജീവമായി. 36 അയൽക്കൂട്ടങ്ങളിലായി ഇപ്പോൾ എല്ലാ കുടുംബങ്ങളെയും കുടുംബശ്രീയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എൻ.ആർ.എൽ.എം പദ്ധതിയുടെ ഭാഗമായി ഊരിൽ നിന്ന് തന്നെയുള്ള ആനിമേറ്റർമാരെ നിയോഗിച്ചുകൊണ്ട് ഊരുതല പ്രവർത്തനങ്ങൾ കൂടുതൽ ആസൂത്രിതവും വ്യവസ്ഥാപിതവുമായി നടപ്പാക്കി വരികയാണ്. സൊസൈറ്റി കുടിയിൽ സി.ഡി.എസ് ഓഫീസ് പ്രവർത്തനമാരംഭിച്ചതും പ്രവർത്തനങ്ങൾ സജീവമാക്കാൻ സഹായകമായിട്ടുണ്ട്. കുടിനിവാസികളായ 20 ആനിമേറ്റർമാർ സി.ഡി.എസ് ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്ത് ഓഫീസിൽ ചേർന്ന ഊരുസംഗമത്തിൽ സി.ഡി.എസ് ചെയർപേഴ്‌സൺ അമരവതി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പി.ആർ.ഒ നാഫി മുഹമ്മദ് മുഖ്യപ്രഭാഷണവും സ്റ്റേറ്റ് ട്രൈബൽ പ്രോഗ്രാം ഓഫീസർ മനോജ് പദ്ധതി വിശദീകരണവും നടത്തി. സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ ശാരിക, ജില്ലാ പ്രോഗ്രാം മാനേജർ ബിജു ജോസഫ് എന്നിവർ സംസാരിച്ചു. ആനിമേറ്റർമാരായ സുപ്രിയ സ്വാഗതവും ശരത് നന്ദിയും പറഞ്ഞു. സംഗമത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് പുറമെ ഊരുമൂപ്പൻമാർ, യൂത്ത് ക്ലബ് പ്രതിനിധികൾ, ആനിമേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു. സൊസൈറ്റിക്കുടി, ഷെഡുകുടി, ഇഡലിപ്പാറക്കുടി, അമ്പലപ്പടിക്കുടി എന്നിവിടങ്ങളിൽ പ്രത്യേക ഊരുതല യോഗങ്ങളും സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. സൊസൈറ്റിക്കുടിയിൽ ചെയർപേഴ്‌സൺ അമരവതി, ഷെഡുകുടിയിൽ ആനിമേറ്റർ സരിത, സുപ്രിയ അങ്കമ്മ എന്നിവരും, അമ്പലപ്പടിക്കുടിയിൽ മുൻ ചെയർപേഴ്‌സൺ രമണി, ആനിമേറ്റർ ശരത് എന്നിവരും, ഇഡലിപ്പാറക്കുടിയിൽ ആനിമേറ്റർമാരായ ഭാഗ്യലക്ഷ്മി, നീല, സുനിത, ബിജു, ഗോപി, ശശികുമാർ, സോക്കർ, സി.ഡി.എസ് അക്കൗണ്ടന്റ് രാമകൃഷ്ണൻ എന്നിവരും നേതൃത്വം നൽകി.
കെലിഫ്‌റ്റ് എന്നാൽ
സംസ്ഥാനത്തെ മൂന്ന് ലക്ഷം അയൽക്കൂട്ട അംഗങ്ങൾക്ക് ഉപജീവനം ലക്ഷ്യമിട്ട് കുടുംബശ്രീ ഈ വർഷം ആവിഷ്‌കരിച്ച കെലിഫ്‌റ്റ് (കുടുംബശ്രീ ലൈവ് ലി ഹുഡ് ഇനിഷ്യേറ്റീവ് ഫോർ ട്രാൻസ്ഫർമേഷൻ) പദ്ധതി. ഇതിന്റെ ഭാഗമായാണ് കാനന പഞ്ചായത്തിലെ നൂറ് അംഗങ്ങൾക്ക് വരുമാനമാർഗ്ഗം ഉറപ്പാക്കാൻ തീരുമാനിച്ചത്.
ഉപജീവനം ഇങ്ങനെ
മൃഗസംരക്ഷണം, കൃഷി അനുബന്ധ പ്രവർത്തനങ്ങൾ, തയ്യൽ യൂണിറ്റ്, പെട്ടിക്കട, മുള ഉത്പന്നങ്ങൾ, വനവിഭവങ്ങളുടെ ശേഖരണവും വിപണനവും തുടങ്ങിയ മേഖലകളിലാണ് വിവിധ കുടികളിലായി പഞ്ചായത്ത് നിവാസികൾക്ക് തൊഴിൽ ഒരുക്കുന്നത്. മൃഗസംരക്ഷണ മേഖലയ്ക്ക് ഊന്നൽ നൽകി തദ്ദേശീയ ഇനത്തിൽപ്പെട്ട ആട്, കോഴി വളർത്തൽ പ്രോത്സാഹിപ്പിക്കും. മത്സ്യം വളർത്താനുള്ള സൗകര്യങ്ങൾ വികസിപ്പിക്കും. വിവിധ സംരംഭങ്ങൾ തുടങ്ങുന്നതിന് കുടികളിൽ നിന്ന് ഇതിനകം ലഭിച്ച അപേക്ഷകൾ പരിഗണിച്ച് എത്രയും വേഗം പദ്ധതി നടപ്പാക്കും.