deen
ഡീൻ കുര്യാക്കോസിന്റെ ചുവരെഴുത്ത്

തൊടുപുഴ: എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ്ജിന് പിന്നാലെ നിലവിലെ എം.പി ഡീൻ കുര്യാക്കോസും യു.ഡി.എഫിന് വേണ്ടി ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് അഭ്യർത്ഥിച്ചു കൊണ്ടുള്ള ചുവരെഴുത്തുകൾ ആരംഭിച്ചു. ഇന്നലെയാണ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ചുവരെഴുത്ത് ദൃശ്യമായത്. പോസ്റ്ററുകൾ പതിപ്പിച്ചു തുടങ്ങിയിട്ടില്ല. യു.ഡി.എഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിനിടെ എൽ.ഡി.എഫ് ജോയ്സിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചുവരെഴുത്തും പോസ്റ്ററുമായി പ്രചരണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് യു.ഡി.എഫ് പ്രവർത്തകർ തങ്ങൾ നേരത്തെ ബുക്ക് ചെയ്തിരുന്ന ചുവരുകളിൽ ഡീനിന് വോട്ട് അഭ്യർത്ഥിച്ച് ചുവരെഴുത്ത് ആരംഭിച്ചത്. കഴിഞ്ഞ ദിവസം നിലവിലെ എം.പിമാരെല്ലാം മത്സരിക്കുമെന്ന് വാർത്തകളുമുണ്ടായിരുന്നു. ഇന്ന് തൊടുപുഴയിലായിരുന്നു ഡീനുണ്ടായിരുന്നത്. രാവിലെ തൊടുപുഴയിൽ അംഗൻവാടികളുടെ നിർമ്മാണത്തിന് സി.എസ്.ആർ ഫണ്ട് സ്വരൂപിക്കുന്ന പരിപാടിയിൽ പങ്കെടുത്തിരുന്നു. തുടർന്ന് ഉച്ചയോടെ മാദ്ധ്യമങ്ങളെ കണ്ടു. എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ്ജ് ഇന്നലെ കോതമംഗലം മണ്ഡലത്തിലാണ് പ്രചരണം നടത്തിയത്.