തൊടുപുഴ: നഗരസഭ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ ഭാഗമായി വാട്ടർ ടാങ്ക് സ്ഥാപിച്ചതിൽ ക്രമക്കേടും ലക്ഷങ്ങളുടെ അഴിമതിയും നടന്നതായി ആരോപണം. നഗരസഭയിലെ 13-ാം വാർഡിലെ അണ്ണായിക്കണ്ണത്ത് സ്ഥാപിച്ചിരിക്കുന്ന ടാങ്കിനും അനുബന്ധ നിർമ്മാണങ്ങൾക്കും എതിരെയാണ് ആക്ഷേപം ഉയർന്നത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിജിലൻസിന് ഉൾപ്പെടെ പരാതി നൽകി കാത്തിരിക്കുകയാണ് നാട്ടുകാർ. നഗരസഭയിലെ ഉയർന്ന പ്രദേശങ്ങളിലൊന്നായ അണ്ണായിക്കണ്ണം ഭാഗത്തെ ഇരുന്നൂറോളം വീടുകളിൽ കുടിവെള്ളം എത്തിക്കാനായി നഗരസഭ നടപ്പാക്കുന്ന പദ്ധതിക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ജലം ശേഖരിച്ച് വിതരണം ചെയ്യുന്നതിനായി പതിനായിരം ലിറ്റർ വീതം സംഭരണ ശേഷിയുള്ള രണ്ട് ടാങ്കുകളാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ ഇതിന്റെ അടിത്തറ ഉൾപ്പെടെയുള്ള നിർമ്മാണത്തിൽ വൻ ക്രമക്കേട് നടന്നതായാണ് ആരോപണം. ബലവത്തായ കരിങ്കല്ലിന് പകരം സമീപത്തെ കയ്യാല പൊളിച്ചപ്പോൾ അവശിഷ്ടമായി ലഭിച്ച കല്ല് നിർമ്മാണത്തിന് ഉപയോഗിച്ചുവെന്നതാണ് പ്രധാന ആക്ഷേപം. പദ്ധതിയ്ക്കായി നഗരസഭയിൽ നിന്ന് പത്ത് ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. അശാസ്ത്രീയ നിർമ്മാണം മൂലം ശക്തമായ മഴക്കാലത്ത് കൽക്കെട്ട് തകരാനും വാട്ടർ ടാങ്കുകൾ സമീപത്തെ വീടുകൾക്ക് മുകളിലേക്ക് പതിക്കാനും സാദ്ധ്യതയുണ്ടെന്ന് ഇവർ പറയുന്നു. അതേ സമയം തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി നിർമ്മാണം നടത്തിയെന്ന വാദം തെറ്റാണെന്ന് വ്യക്തമാക്കുന്ന തൊഴിലാളികളുടെ ശബ്ദ സന്ദേശം നവമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്കും വിജിലൻസിനും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.
അന്നേ ചൂണ്ടിക്കാട്ടി
നിർമ്മാണ സമയത്ത് തന്നെ അപകട സാധ്യത ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അത് അവഗണിക്കുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. നഗരസഭാ എ.ഇയുടെ മേൽനോട്ടത്തിൽ കരാറുകാരനാണ് പണികൾ ചെയ്തത്.