paadam
പാടത്തേക്ക് വെള്ളം കയറിയ നിലയിൽ

തൊടുപുഴ: കൊയ്ത്തിന് പാകമായ പാടത്തേക്ക് വാട്ടർ അതോറിട്ടി വെള്ളം തുറന്നു വിട്ടതിനെ തുടർന്ന് കർഷകർ പ്രതിസന്ധിയിലായി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കോടിക്കുളം മേവള്ളി പാടത്തേക്കാണ് അപ്രതീക്ഷിതമായി വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈനിൽ നിന്ന് വെള്ളമൊഴുകിയെത്തിയത്. കർഷകരായ മൈക്കിൾ ഓലിയാങ്കൽ, ജോസഫ് ഓലിയാങ്കൽ, റോബിൻ, ബാബു എന്നിവരുടെ പാടത്താണ് വെള്ളം കയറിയത്. ഉയരത്തിൽ വെള്ളം കയറിയതിനെ തുടർന്ന് നെല്ല് തറനിരപ്പിലേക്ക് വീണു പോയി. ഇതേ തുടർന്ന് കൊയ്ത്ത് മുടങ്ങുകയും ചെയ്തു. വെള്ളമൊഴുകിയെത്തിയത് രാത്രിയിലായതിനാൽ രാവിലെ മാത്രമാണ് സംഭവം കർഷകരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇന്നലെ പകൽ സമയത്ത് പോലും വെള്ളം പൂർണ്ണമായും ഇറങ്ങിയിട്ടില്ല. വരും ദിവസങ്ങളിൽ പാടത്ത് നിന്ന് വെള്ളം പൂർണ്ണമായും വലിഞ്ഞതിന് ശേഷം മാത്രമേ നെല്ല് കൊയ്‌തെടുക്കാനാവൂ. അപ്പോഴേക്കും നെല്ല് ചീഞ്ഞഴുകുമോയെന്ന ആശങ്കയുമുണ്ട്. മുമ്പും വാട്ടർ അതോറിട്ടി ഇത്തരത്തിൽ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്ന് വിട്ടത് മൂലം നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് കർഷകർ പറഞ്ഞു. അതേ സമയം പൈപ്പ് ലൈൻ കടന്ന് പോകുന്ന ചില സ്ഥലങ്ങളിൽ വെള്ളമെത്താത്തതിനാൽ നടത്തിയ അറ്റകുറ്റ പണിക്കിടെയാണ് പാടത്തേക്ക് വെള്ളം കയറിയതെന്നാണ് അധികൃതരുടെ നിലപാട്. പ്രതിസന്ധികൾക്ക് നടുവിലും കൃഷി മുമ്പോട്ടു കൊണ്ടുപോകുവാൻ ശ്രമിക്കുമ്പോൾ സർക്കാർ വകുപ്പുകളുടെ ഇത്തരം നടപടികൾ നെൽകൃഷിക്ക് തന്നെ തിരിച്ചടിയാണെന്ന് കർഷകർ പറഞ്ഞു.