ചെറുതോണി: അപമാന ഭാരത്താൽ നാണം കെട്ട് സ്വയം തല താഴ്‌ത്തേണ്ടിവന്ന സമരമാണ് ഡീൻ കുര്യാക്കോസ് എം.പി മൂന്നാറിൽ നടത്തിയതെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്. സമരം നടത്തി ആളാകാൻ ശ്രമിച്ച എം പി അവസാനം നിവൃത്തി ഇല്ലാതെ പൊലീസിന്റെ സഹായം തേടിയാണ് സമരം അവസാനിപ്പിച്ചത്. രാഷ്ട്രീയ രംഗത്ത് നിൽക്കുന്ന ഏതൊരാൾക്കും ഇത്തരമൊരു ദുരവസ്ഥ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. മറ്റുള്ളവരെ ഒറ്റികൊടുക്കുന്നതിന്റെയും രാഷ്ട്രീയ അന്തസ് കാണിക്കാത്തതിന്റെയും ശിക്ഷ അതേ നാണയത്തിൽ തിരിച്ചു കിട്ടുന്നതിന്റെ ഉദാഹരണമാണ് മൂന്നാറിൽ കണ്ടത്. മൂന്നാറിൽ ചേർന്ന സർവകക്ഷി യോഗത്തിൽ എം.പി പങ്കെടുക്കുകയും ഉയർന്നു വന്ന പൊതു തീരുമാനങ്ങൾ അംഗീകരിക്കുകയും ചെയ്തിരുന്നു. നഷ്ട പരിഹാര തുക വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനമുൾപ്പടെ യോഗത്തിൽ എടുത്ത എല്ലാ തീരുമാനങ്ങളും അംഗീകരിച്ച ശേഷം പുറത്തിറങ്ങി സമരം പ്രഖ്യാപിച്ച് ഇപ്പോൾ സ്വയം ലജ്ജിതനായി തല താഴ്ത്തിയാണ് മടങ്ങുന്നത്. അഞ്ച് വർഷം പാർലമെന്റ് അംഗമായിരുന്നിട്ട് കേന്ദ്ര വന്യ ജീവി നിയമം ഭേദഗതി ചെയ്യുന്നതിന് ഒരു ഇടപെടലും നടത്തിയിട്ടില്ല. വന്യജീവി ആക്രമണം തടയുന്നതിനുവേണ്ടി ഏതെങ്കിലും പദ്ധതി തയ്യാറാക്കുകയോ ഫണ്ട് അനുവദിപ്പിക്കുകയോ ചെയ്യാതിരുന്ന ശേഷം തെരഞ്ഞെടുപ്പ് എത്തിയപ്പോൾ നടത്തിയ അസംബന്ധ നാടകം ജനങ്ങൾ പുറംകാലുകൊണ്ട് തട്ടി മാറ്റുകയാണ് ഉണ്ടായത്. എം.പിയെ സമരം കിടക്കാൻ ഉപദേശിച്ച ഡി.സി.സിയാകട്ടെ ജില്ലയിൽ അഭിവാദ്യ പ്രകടനം നടത്താൻ പോലും തയ്യാറായുമില്ല. പട്ടയത്തിന് അപേക്ഷ സ്വീകരിക്കുന്നതിൽ ആരും അസ്വസ്ഥതരാകേണ്ടതില്ല. നവകേരള സദസിനെ തുടർന്നുള്ള സ്വഭാവിക നടപടിയാണ് ഇപ്പോൾ നടക്കുന്നത്. ജനങ്ങൾക് അർഹതപ്പെട്ട പട്ടയം നൽകാനുള്ള സർക്കാർ നീക്കത്തെ തടസപ്പെടുത്താനുള്ള യു.ഡി.എഫ് നീക്കം വിലപ്പോവില്ല. കളക്ടറേറ്റിലേക്ക് സമരം നടത്തേണ്ട ഡി.സി.സി താലൂക്കിലേക്ക് സമരം നടത്തി സ്വയം മെലിഞ്ഞുപോയ വിവരം ജനങ്ങളെ അറിയിച്ചിരിക്കുകയാണ്. കോൺഗ്രസ് നടത്തിയ സമരാഗ്‌നി ഒടുവിൽ ചരമാഗ്‌നി ആയതുപോലെ എം.പിയുടെ സമരവും നാട്ടുകാർക്ക് ചിരിക്കാനുള്ള വകയായി. വന്യജീവി ആക്രമണം തടയാൻ ജില്ലയിൽ അതി ശക്തമായ നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണെന്നും അതിനായി ബഡ്ജറ്റിൽ 48 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞു.