schooter
മോഷ്ടാവ് തിരികെ എത്തിച്ച സ്‌കൂട്ടർ

കുമളി: കള്ളന് കരുണ തോന്നി മോഷ്ടിച്ച സ്‌കൂട്ടർ മോഷ്ടിച്ച സ്ഥലത്ത് തന്നെ തിരികെയെത്തിച്ചു. കുമളിയിലാണ് സംഭവം അരങ്ങേറിയത്. രണ്ടാഴ്ച മുമ്പ് കുമളി ടൗണിലെ പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിന് സമീപമുള്ള തട്ടുകടയുടെ മുന്നിൽ നിന്നാണ് സ്‌കൂട്ടർ മോഷണം പോയത്. കട്ടപ്പന വാഴവര സ്വദേശി സി. ജോസഫ് സ്‌കൂട്ടർ നിറുത്തി കടയിലേക്ക് കയറിയ തക്കത്തിന് സ്‌കൂട്ടർ മോഷ്ടിക്കുകയായിരുന്നു. ആ വണ്ടിയാണ് കള്ളൻ വ്യാഴം രാത്രി അതേ സ്ഥലത്ത് എത്തിച്ചത്. അന്ന് സ്‌കൂട്ടറിന്റെ ചാവി സിജോ എടുത്തിരുന്നില്ല. പതുങ്ങി ഒരു യുവാവ് സ്ഥലം നിരീക്ഷിക്കുന്നതും സ്‌കൂട്ടർ മോഷ്ടിച്ചുകൊണ്ട് പോകുന്നതും സമീപത്തെ കടയുടെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു. പൊലീസ് കേസെടുത്തു. സ്‌കൂട്ടർ പോയ സങ്കടത്തിലായിരുന്നു സിജോ ഇത്രയും നാൾ. ഇപ്പോൾ സന്തോഷത്തിനൊപ്പം അമ്പരപ്പും. കള്ളന്മാർ പലരും മോഷണ വഴികളിലൂടെ കുപ്രസിദ്ധരാകുമ്പോൾ ഈ കള്ളന്റെ നല്ല മനസാണ് ഇപ്പോൾ സിജോയെ പിന്തുടരുന്നത്.