കട്ടപ്പന: കുരുമുളക്‌ മോഷ്ടിച്ച് വിറ്റ കേസിൽ വ്യാപാരി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. കട്ടപ്പന കല്ലുകുന്ന് പീടികപ്പുരയിടത്തിൽ അഖിൽ (28), കല്യാണതണ്ട് പയ്യംപള്ളിയിൽ രഞ്ചിത്ത് (27), വാഴവര കൗന്തി കുഴിയാത്ത് ഹരികുമാർ (30), മോഷ്ടിച്ച കുരുമുളക് വാങ്ങിയ മലഞ്ചരക്ക് വ്യാപാരി കട്ടപ്പന സാഗരാ ജങ്ഷൻ പുത്തൻപുരയ്ക്കൽ സിംഗിൾ മോനു (44) എന്നിവരാണ് പിടിയിലായത്. തങ്കമണി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് അറസ്റ്റിലായ പ്രതികൾ മോഷ്ടിച്ച മലഞ്ചരക്ക് ഉത്പന്നങ്ങൾ സിംഗിൾമോൻ വാങ്ങിപല തവണ കച്ചവടം നടത്തിയിട്ടുണ്ട്. അറസ്റ്റിലായവർ കൊലപാതകം, അടിപിടി, കഞ്ചാവ് കച്ചവടം തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണ്. ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി മോഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെയും കട്ടപ്പന ഡിവൈ.എസ്.പിയുടെയും നിർദ്ദേശാനുസരണം നടത്തിയ അന്വേഷണത്തിനിടയിലാണ് പ്രതികൾ കുടുങ്ങിയത്. കട്ടപ്പന പൊലീസ് ഇൻസ്‌പെക്ടർ എൻ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.