കുമളി : തേക്കടി വനത്തിൽ മരക്കൊമ്പിൽ തൂങ്ങി കിടന്ന പാമ്പ് വകുപ്പ് വാച്ചറുടെ തലയുടെ ഉച്ചിയിൽ കടിച്ചു. വനം വകുപ്പ് വാച്ചർ കുമളി മന്നാകുടി സ്വദേശി ശ്രീജിത്ത് (28) നെയാണ് പാമ്പ് കടിച്ചത്. പെരിയാർ കടുവ സങ്കേതത്തിലെ തേക്കടി റേഞ്ചിൽ പെട്ട ബ്രാണ്ടി പാറയിൽ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. വനത്തിലൂടെ പട്രോളിങ് നടത്തവേ മരത്തിൽ തൂങ്ങി കിടന്ന അണലി വർഗത്തിൽ പെട്ട പാമ്പ് ശ്രീജിത്തിന്റെ തലയിൽ കടിക്കുകയായിരുന്നു. വനം വകുപ്പിന്റെ ജീപ്പിൽ തേക്കടിയിലെത്തിച്ച ശ്രീജിത്തിനെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരള തമിഴ്‌നാട് അതിർത്തി പ്രദേശമായ ബ്രാണ്ടിപ്പാറ ഉയർന്ന മലനിരയും ചൂടേറിയ സ്ഥലവുമാണ്.