
പീരുമേട്: തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പാഠഭാഗത്തിനപ്പുറം പുതിയ അറിവുകൾ നൽകിയപ്പോൾ വിദ്യാർത്ഥികൾ ഉഷാറായി. പീരുമേട് മോഡൽ റസിഡൻഷ്യൽ സ്‌കൂളിലാണ് പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങളും പോളിംഗ് ബൂത്തും ഒരുക്കി കുട്ടികളെ പഠിപ്പിച്ചത്. സ്വീപ്പ് ഡിസ്ട്രിക്ട് നോഡൽ ഓഫീസർ ദീപു .എസ് ലോറൻസ് നേതൃത്വത്തിൽ കുട്ടികൾക്കായി ക്വിസ്സ് മത്സരങ്ങളും, മീറ്റ് ദി കാൻഡിഡേറ്റ്, ഇൻഡ്യയിലെ ഇലക്ഷൻ ചരിത്രം വിശദീകരിക്കുന്ന ക്ലാസ്സും കുട്ടികൾക്ക് കൗതുകമായി. പോളിങ്ങും പോളിങ് സ്റ്റേഷനും, പരിചയപ്പെടുത്തുന്നതിനായി കുട്ടികൾ തന്നെ സ്വയം പോളിങ് ഉദ്യോഗസ്ഥരായി മാറി. പീരുമേട് അസ്സി. റിട്ടേണിംഗ് ആഫീസർ ഡോ. പ്രിയൻ റൂബല്ലോ കുട്ടികൾക്ക് പോളിങ്ങ് ബൂത്ത് ഒരുക്കി കൊടുത്തു. തഹസിൽദാർ സണ്ണി ജോർജ് , ഡെപ്യൂട്ടി. തഹസിൽദാർമാരായ ബിനു സ്‌കറിയ ജീവാ , ശ്രീകുമാർ ജി.എസ്. , മനിജ ,ഇലക്ഷൻ വിഭാഗം ജീവനക്കാരായ വിഷ്ണു. ആർ, സേതു, ധന്യ, ജഗദീഷ് , എന്നിവർ പങ്കെടുത്തു.