സംഘം തട്ടിയെടുത്തത് യുവതിയുടെ 6.18 ലക്ഷം രൂപ

തൊടുപുഴ: ഓൺലൈൻ തട്ടിപ്പിലൂടെ യുവതിയുടെ 6.18 ലക്ഷം രൂപ തട്ടിയെടുത്ത സംഘവുമായി ബന്ധമുള്ള നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കുന്നത്തുനാട് പട്ടിമറ്റം മുരയിൻചിറ ഫാരിസ് (24), ബന്ധു റമീസ് (22), വടുതല ചേരാനല്ലൂർ ബൈതുൾ നസറിൽ ഫസൽ (21), കുമാരപുരം പുളിക്കൽ വീട്ടിൽ സംഗീത് (22) എന്നിവരാണ് അറസ്റ്റിലായത്. യുവതിയിൽ നിന്ന് തട്ടിയെടുത്ത പണം ഇവരുടെ അക്കൗണ്ടിലേക്കാണ് വന്നതെന്നും ഇതിൽ നിന്നാണ് പിൻവലിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ടാസ്‌കു നൽകി പണംതട്ടി

തൊടുപുഴ സ്വദേശിനിയുടെ പണമാണ് ജനുവരി 21 മുതൽ ഫെബ്രുവരി നാല് വരെയുള്ള കാലയളവിൽ നഷ്ടമായത്. ആമസോണിന്റേതെന്ന വ്യാജേന ടെലഗ്രാം വഴി യുവതിക്ക് അയച്ച് കിട്ടിയ ലിങ്കിൽ നിന്നാണ് തട്ടിപ്പിന്റെ തുടക്കം. ഈ ലിങ്കിൽ പറയുന്ന ടാസ്‌കുകൾ പൂർത്തിയാക്കിയാൽ ആകർഷകമായ സമ്മാനമായിരുന്നു വാഗ്ദാനം. ടാസ്‌കിലേക്ക് കടക്കണമെങ്കിൽ ഗൂഗിൾ പേ വഴി നിശ്ചിത തുക അയച്ചു നൽകണം. ടാസ്‌ക് പൂർത്തിയാക്കിയാൽ ഇരട്ടിയോളം തുക തിരിച്ചു നൽകുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഇങ്ങിനെ യുവതി 6.18 രൂപ പലതവണയായി നൽകിയെന്ന് പൊലീസ് പറയുന്നു.
പിന്നീട് ടാസ്‌കിലൂടെ കിട്ടിയ പണം ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുവെന്ന് കാട്ടി തട്ടിപ്പുകാർ ഒരു സന്ദേശവും യുവതിക്ക് അയച്ചു. ബാങ്കിൽ അന്വേഷിച്ചപ്പോൾ പണം വന്നിരുന്നില്ല. ഇതോടെ തട്ടിപ്പ് നടന്നെന്ന് മനസ്സിലായത്.തുടർന്ന് തൊടുപുഴ പൊലീസിൽ പരാതി നൽകുകയായിരുന്നു. സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സൂചന യുവാക്കളിലേക്ക് എത്തിയത്. പിന്നീട് ഇവരെ എറണാകുളത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടുകയായിരുന്നു.തട്ടിപ്പിന് പിന്നിൽ വലിയ സംഘമാണോ എന്ന സംശയം പൊലീസിനുണ്ട്. അതിനാൽ അന്വേഷണം ഊർജിതമാക്കി.
ജില്ല പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ്, ഡിവൈ.എസ്.പി.മാരായ മുഹമ്മദ് റിയാസ്, ബിജു എന്നിവരുടെ നിർദ്ദേശ പ്രകാരം ഇൻസ്‌പെക്ടർ മഹേഷ് കുമാർ, , എസ്.ഐ. റഷീദ്, എസ്.പി.സി. ഒ.കെ.അയൂബ്,. രാംകുമാർ, സി.പി.ഒ. അനീഷ് ജോസ്, ഡാലു, രാജീവ് തുടങ്ങിയവരുടേ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.