തൊടുപുഴ: പുറപ്പുഴയിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു. വന്യമൃഗആക്രമണത്തിലാണ് പശുക്കിടാവ് ചത്തതെന്ന സംശയത്തിൽ നാട്ടുകാർ ആശങ്കയിലായി. പുറപ്പുഴ മുണ്ടുനടക്കവലയിൽ വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം. കാരക്കൽ ബേബിയുടെ പശുക്കിടാവാണ് ചത്തത്. പുരയിടത്തിൽ അഴിച്ചു വിട്ടിരിക്കുകയായിരുന്ന പശുക്കിടാവിനെയാണ് ഇന്നലെ രാവിലെ ചത്ത നിലയിൽ കണ്ടത്. ശരീര ഭാഗങ്ങൾ ഭക്ഷിച്ച നിലയിലായിരുന്നു . നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പൊലീസും മുട്ടം ഫോറസ്റ്റ് ഓഫീസിൽ നിന്നും വനംവകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി. ചെന്നായ പോലെയുള്ള കാട്ടുമൃഗത്തിന്റെ ആക്രമണത്തിലായിരിക്കാം പശുക്കിടാവ് ചത്തതെന്നാണ് നിഗമനമെന്ന് മുട്ടം റേഞ്ച് ഓഫീസർ പറഞ്ഞു. വെറ്ററിനറി സർജന്റെ മേൽനോട്ടത്തിൽ പോസ്റ്റുമോർട്ടം നടത്തി. വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ഭാസ്‌കരൻ, വൈസ് പ്രസിഡന്റ് സിനി ജസ്റ്റിൻ, ബ്ലോക്ക് മെംബർ മാർട്ടിൻ ജോസഫ് , പഞ്ചായത്തംഗം ജിനി ടോമി എന്നിവർ സ്ഥലത്തെത്തി.