രോഗിയെയും കൊണ്ട്പോയ ജീപ്പ് അടിച്ച് തകർത്തു
റോഡിലിറങ്ങി ഗതാഗതം തടസപ്പെടുത്തി
മൂന്നാർ: രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോയ ജീപ്പ് കന്നിമല ഫാക്ടറി ഡിവിഷനിൽവച്ച് പടയപ്പ തകർത്തു. തൊഴിലാളി കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ശനിയാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. രാജമല സ്വദേശി പ്രദീപിന്റെ ജീപ്പാണ് ആന തകർത്തത്. കന്നിമല സ്വദേശി രഞ്ജിത്തിന്റെ ഭാര്യയെ ആശുപത്രിയിൽ എത്തിക്കുന്നതിനാണ് പ്രദീപ് ജീപ്പുമായി കന്നിമല ഫാക്ടറിക്ക് സമീപത്ത് എത്തിയത്. രഞ്ജിത്തും കുടുംബവും ജീപ്പിൽ കയറി ജീപ്പ് പുറപ്പെടാൻ തുടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി പടയപ്പ ആക്രമണം നടത്തിയത്. പ്രദേശത്ത് തെരുവ് വിളക്കുകൾ ഇല്ലാതിരുന്നതുകൊണ്ട് തൊട്ടടുത്ത് എത്തിയപ്പോൾ മാത്രമാണ് ഇവർക്ക് ആനയെ കാണാൻ സാധിച്ചത്. രഞ്ജിത്തിന്റെ അമ്മയും ഭാര്യയും രണ്ട് സഹോദരന്മാരുമാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ആന തുമ്പിക്കൈ ഉപയോഗിച്ച് ജീപ്പിൽ അടിക്കുകയും തള്ളി മറിക്കാൻ ശ്രമിക്കുകയും ചെയ്തു. ജീപ്പിൽ ഉണ്ടായിരുന്നവർ ഭയന്ന് നിലവിളിച്ചെങ്കിലും ആന പിൻവാങ്ങിയില്ല. ബഹളം കേട്ട് നാട്ടുകാർ എത്തിയാണ് പടയപ്പയെ തുരത്തിയോടിച്ചത്.
ഇന്നലെയും ഇറങ്ങി,
ഗതാഗതം തടസപ്പെട്ടു
വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങിയ പടയപ്പ വാഹനങ്ങൾ തടഞ്ഞു. ഞായറാഴ്ച വൈകുന്നേത്തോടെയാണ് സംഭവം. കന്നിമലകടലാർ എസ്റ്റേറ്റ് റോഡിലാണ് പടയപ്പ ഇറങ്ങിയത്. ഏറെനേരം തേയിലത്തോട്ടത്തിൽ നടന്ന ആന പിന്നീട് റോഡിൽ നിലയുറപ്പിച്ചു. ഇതോടെ വാഹന ഗതാഗതം തടസപ്പെട്ടു. നാട്ടുകാർ വിരട്ടിയോടിക്കാൻ ശ്രമിച്ചെങ്കിലും ആന പിൻവാങ്ങിയില്ല. പിന്നീട് വനം വകുപ്പിന്റെ ആർ.ആർ.ടി. സംഘം സ്ഥലത്തെത്തി പടയപ്പയെ കാട്ടിലേക്ക് തുരത്തി