ഇടുക്കി: ഈ വർഷം കേരളത്തിൽ കാട്ടാനയാക്രമണത്തിൽ ഏറ്റവും കൂടുതൽ മനുഷ്യർ കൊല്ലപ്പെട്ടത് ഇടുക്കി ജില്ലയിലാണ്. രണ്ടു സ്ത്രീകളക്കം അഞ്ചുപേർ. മൂന്നാർ വനം ഡിവിഷനു കീഴിലെ തോട്ടം മേഖലയിലാണ് ഇതിൽ നാലു മരണങ്ങളും. തിങ്കളാഴ്ച കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണനാണ് ഏറ്റവും ഒടുവിലത്തെ ഇര.
2011- 2022 വരെയുള്ള 11 വർഷത്തിനിടെ മൂന്നാർ ഫോറസ്റ്റ് ഡിവിഷനിൽ മനുഷ്യ- വന്യജീവി സംഘർഷമാെഴിവാക്കാനായി കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ടിൽ ചെലവഴിച്ചത് വെറും 70 ലക്ഷം രൂപ മാത്രമാണ്. ഇക്കാലയളവിൽ 42 പേരാണ് കാട്ടാന ആക്രമണത്തിൽ മൂന്നാർ ഡിവിഷനിൽ കാെല്ലപ്പെട്ടത്. കാട്ടാന ആക്രമണത്തിൽ മരണങ്ങളൊന്നും സംഭവിക്കാത്ത മാങ്കുളം ഡിവിഷനിൽ ചെലവഴിച്ച തുയാകട്ടെ 1.44 കോടി രൂപയും!
2019- 2022 കാലയളവിൽ പരിസ്ഥിതി പുനഃസ്ഥാപനം (എക്കോ റീസ്റ്റോറേഷൻ) പദ്ധതിക്കായി മൂന്നാർ ഡിവിഷനിൽ രണ്ടു കോടിയിലധികം രൂപ ചെലവഴിച്ചു. യു.എൻ.ഡി.പി പദ്ധതിയിലൂടെ ജലസ്രോതസുകളുടെ നവീകരണം, വനമേഖലയിൽ പുല്ലുവച്ചു പിടിപ്പിക്കൽ, ആകർഷകമായ മരങ്ങൾ നട്ടു പിടിപ്പിക്കൽ തുടങ്ങിയവയെല്ലാം നടപ്പാക്കിയെന്നാണ് വനംവകുപ്പിന്റെ അവകാശവാദം. വന്യജീവികൾക്ക് കാട്ടിൽ ആഹാരമൊരുക്കാനാണ് പദ്ധതി നടപ്പിലാക്കിയതെന്നാണ് വനംവകുപ്പ് പറയുന്നതെങ്കിലും ജനവാസമേഖലയിലേക്കുള്ള ഇവയുടെ കടന്നുകയറ്റം കൂടുകയാണുണ്ടായത്.
15 വർഷത്തിനിടെ 83 മരണം
2009 മുതൽ 15 വർഷത്തിനിടെ ഇടുക്കി ജില്ലയിൽ 83 പേരാണ് വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇതിൽ 50 പേരും മൂന്നാർ ഡിവിഷനിലുള്ളവരാണ്.
ഈ വർഷം കൊല്ലപ്പെട്ടവർ
ജനുവരി 08
മൂന്നാർ പന്നിയാർ എസ്റ്റേറ്റിൽ തേയില നുള്ളാൻ പോയ തോട്ടം തൊഴിലാളി പന്നിയാർ സ്വദേശി പരിമളം (44) കാട്ടാനയുടെ അടിയേറ്റു മരിച്ചു.
ജനുവരി 23
ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മൂന്നാറിലെത്തിയ കോയമ്പത്തൂർ സ്വദേശി കെ.പോൾ രാജ് (79) കാട്ടാനയുടെ ചവിട്ടേറ്റു കൊല്ലപ്പെട്ടു.
ജനുവരി 26
കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ ചക്കക്കൊമ്പൻ എന്ന ഒറ്റയാന്റെ ആക്രമണത്തിൽ പരിക്കേറ്റ ചിന്നക്കനാൽ ബിഎൽ റാം സ്വദേശി വെള്ളക്കല്ലിൽ സൗന്ദർരാജൻ (68) തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.
ഫെബ്രുവരി 26
കന്നിമലയിൽ ഓട്ടോറിക്ഷ കുത്തി മറിച്ചിട്ട ഒറ്റയാൻ തെറിച്ചു വീണ ഡ്രൈവർ സുരേഷ് കുമാറിനെ തുമ്പിക്കൈയിൽ ചുഴറ്റിയെടുത്ത് എറിഞ്ഞു. തെറിച്ചു വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ സുരേഷ് കുമാറിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.