തൊടുപുഴ: കേരളത്തിന്റെ സ്വന്തം കുടിവെള്ള ബ്രാൻഡായ ഹില്ലി അക്വ ഉടൻ തന്നെ വിദേശരാജ്യങ്ങളിലും, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ വിതരണത്തിന് എത്തിക്കുന്നതിനുള്ള ചർച്ച ഫലം കണ്ടുവരികയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. നവീകരിച്ച തൊടുപുഴ ഹില്ലി അക്വാ പ്ലാന്റിന്റെയും ഫാക്ടറി ഔട്‌ലെറ്റിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.ഇനി മുതൽ അഞ്ച് ലിറ്ററിന്റെയും 20 ലിറ്ററിന്റെയും ജാറുകളിൽ തൊടുപുഴയിലെ പ്ലാന്റിൽ നിന്നും കുടിവെള്ളം ലഭ്യമാകുമെന്ന് മന്ത്രി അറിയിച്ചു. ജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമുഴിയിൽ ഹില്ലി അക്വ യൂണിറ്റ് ഉടൻ ആരംഭിക്കും. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് (കിഡ്ക്) 'ഹില്ലി അക്വ'യുടെ ഉത്പാദനവും വിതരണവും നടത്തുന്നത്. 2015ൽ ഒരു ലിറ്റർ കുപ്പിവെള്ളം ഉൽപാദിച്ചാണ് തുടക്കം. തുടർന്ന് രണ്ടു ലിറ്ററിന്റെയും അര ലിറ്ററിന്റെയും കുപ്പിവെള്ളം ഉത്പാദനവും തുടങ്ങി. 2020ൽ തിരുവനന്തപുരം അരുവിക്കരയിലും 'ഹില്ലി അക്വ' പ്ലാന്റ് തുറന്നു. ഇവിടെ തുടക്കത്തിൽ 20 ലിറ്റർ ജാർ മാത്രമായിരുന്നു ഉൽപാദനം. പിന്നീട് അര ലിറ്റർ, ഒരു ലിറ്റർ, രണ്ടുലിറ്റർ കുപ്പിവെള്ളവും ഇവിടെ ഉത്പാദിപ്പിച്ച് വിപണിയിലെത്തിച്ചു.കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ തോമസ് അദ്ധ്യക്ഷത വഹിച്ചു.
ഹില്ലി അക്വ സീനിയർ മാനേജർ സജി. വി റിപ്പോർട്ട് അവതരിപ്പിച്ചു. കെ. ഐ. ഐ.ഡി. സി സിഇഒ എസ്. തിലകൻ, തൊടുപുഴ പ്ലാന്റ് മാനേജർ ജൂബിൾ മാത്യു, വിവിധ രാഷ്ട്രീയ ജനപ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.

വിലയിൽ കുറവ്

ഒരു ലിറ്റർ കുപ്പിവെള്ളത്തിന് സ്വകാര്യ കമ്പനികൾ 20 രൂപ ഈടാക്കുമ്പോൾ 'ഹില്ലി അക്വ'യ്ക്ക് പതിനഞ്ചു രൂപയാണ് പരമാവധി വിൽപന വില. അര ലിറ്റർ, രണ്ടു ലിറ്റർ കുപ്പിവെള്ളവും കുറഞ്ഞനിരക്കിൽ ഫാക്ടറി ഔട്‌ലെറ്റുകളിൽ ലഭ്യമാണ്.

5.22 കോടി വിറ്റുവരവ്

കഴിഞ്ഞ സാമ്പത്തിക വർഷം 5.22 കോടി രൂപ വിറ്റുവരവ് നേടിയ ഹില്ലി അക്വ നടപ്പുസാമ്പത്തിക വർഷം ഇതുവരെ 7.6 കോടി രൂപ വിറ്റുവരവ് നേടിയിട്ടുണ്ട്. ഈ വർഷം 8.5 കോടി രൂപയാണ് കമ്പനി ലക്ഷ്യമിടുന്നത്.