ഇടുക്കി : മെഡിക്കൽ കോളേജിലെ നിർമാണപ്രവർത്തനങ്ങളുടെ പുരോഗതി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി.ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ എല്ലാ നിർമാണ പ്രവൃത്തികളും സമയബന്ധിതമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർക്ക് അദ്ദേഹം നിർദ്ദേശം നല്കി. ആശുപത്രിയിലെ വിവിധ ബ്ലോക്കുകൾ,പുരുഷവനിതാ ഹോസ്റ്റൽ, വിവിധ ലാബുകൾ, റോഡ്, വാട്ടർടാങ്ക് നിർമാണം, ഇലക്ട്രിക്കൽ ജോലികൾ, തുടങ്ങിയ വിവിധ പ്രവൃത്തികൾ യോഗം അവലോകനം ചെയ്തു. ജോലികളുമായി ബന്ധപ്പെട്ട കമ്പനികൾ, കോൺട്രാക്ടർമാർ എന്നിവരിൽ നിന്നും നിർമാണത്തിന്റെ തൽസ്ഥിതി മനസിലാക്കി വേണ്ട നിർദേശങ്ങൾ നൽകി. യോഗത്തിന് ശേഷം മെഡിക്കൽ കോളേജ്, ഹോസ്റ്റലുകൾ,നിർമാണം നടക്കുന്ന മറ്റിടങ്ങൾ എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി. ആരോഗ്യകേരളം സംസ്ഥാന മിഷൻ ഡയറക്ടർ ജീവൻ ബാബു, ജില്ലാ കളക്ടർ ഷീബാ ജോർജ് , സബ് കളക്ടർ ഡോ.അരുൺ എസ്.നായർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ തോമസ് മാത്യു, മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോ.ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.