തൊടുപുഴ: ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഭീഷണിയായ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ഉറപ്പാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. അടിമാലി പഞ്ചായത്തിൽപ്പെട്ട കാഞ്ഞിരവേലിയിൽ വയോധികയായ ഇന്ദിര രാമകൃഷ്ണൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ യോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി. കാട്ടാനകളുടെ ആക്രമണം തുടർക്കഥയായിട്ടും യാതൊരു വിധ നടപടികളും സ്വീകരിക്കാത്ത ഭരണാധികാരികളുടെ ധിക്കാരപരമായ നിലപാട് തിരുത്തണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാത്ത സർക്കാർ നടപടിക്കെതിരെ മുസ്ലിം ലീഗ് പ്രക്ഷോഭങ്ങൾക്ക് നേതൃത്വംനൽകും. തൊടുപുഴയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ .എം. എ ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ടി.കെ. നവാസ്, സംസ്ഥാന കൗൺസിൽ അംഗം എസ്.എം. ഷരീഫ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. മുഹമ്മദ് മൗലവി, സെക്രട്ടറിമാരായ പി.എൻ. സീതി, കെ.എം. സലിം, വി.എം. റസാഖ് എന്നിവർ സംസാരിച്ചു.