തൊടുപുഴ: വന്യമൃഗ ആക്രമണങ്ങളിൽ നിന്ന് കർഷകരെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ നിസംഗത വെടിഞ്ഞ് ശക്തമായ നടപടികളുമായി മുന്നോട്ടു വരണമെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ് ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ അഞ്ചു പേരുടെ ജീവനാണ് കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാരിന് കാട്ടാന നടത്തുന്ന കൊലപാതകത്തിൽ യാതൊരു ആശങ്കയും ഇല്ലാത്തത് നിരുത്തരവാദപരമാണ്. വനം വിട്ട് പുറത്തിറങ്ങുന്ന ആനകൾ ജനങ്ങൾ ജീവിക്കുന്ന വീടുകളുടെ പരിസരത്ത് നിന്നാണ് ഇപ്പോൾ വിളയാട്ടം നടത്തുന്നത്. എന്നാൽ സർക്കാരിന് മാത്രം യാതൊരു ആകുലതയും ഇല്ലെന്ന് അദ്ദേഹം ആരോപിച്ചു. കോതമംഗലത്ത് നടന്ന പോലീസ് നടപടി അത്യന്തം അപലനീയം ആണെന്നും അദ്ദേഹം പറഞ്ഞു.