തൊടുപുഴ: ആശുപത്രിയിൽ നിന്ന് ബലമായി മൃതദേഹം എടുത്തുകൊണ്ടുപോയി പ്രദർശിപ്പിച്ചത് വോട്ടിന് വേണ്ടി യു.ഡി.എഫ് ചെയ്തതാണെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.കെ. ശിവരാമൻ വാർത്താസമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഇത്തരം ദൗർഭാഗ്യകരമായ സന്ദർഭങ്ങളെ വോട്ടിന് വേണ്ടി ഉപയോഗിക്കുന്ന ഹീനമായ തന്ത്രമാണ് യു.ഡി.എഫ് സ്വീകരിക്കുന്നത്. ഇവരെ ശവംതീനി കഴുകന്മാർ എന്നുവേണ്ടേ പറയാൻ? മരണത്തെ എന്തിനാണ് രാഷ്ട്രീയമാക്കുന്നത്. വനംവന്യജീവി സംരക്ഷണ നിയമത്തിനുള്ളിൽനിന്ന് കാട്ടാനകളെ വെടിവെച്ചു കൊല്ലാനാവില്ല. ആ നിയമത്തിൽ കാലാനുസൃതമായ മാറ്റം വരുത്തണം. വനംവന്യജീവി സംരക്ഷണ നിയമം വനത്തിനുള്ളിൽ നിൽക്കണം. ഈ പ്രശ്നത്തിൽ ലോക്സഭയിൽ ഡീൻ കുര്യാക്കോസ് എടുത്ത നിലപാടെന്താണ്. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ കിട്ടുന്നതെന്തും ഉപയോഗിച്ച് എൽ.ഡി.എഫിനെ കൈകാര്യം ചെയ്യാമെന്നാണ് ഇവർ ധരിക്കുന്നത്. ജനം ഇതെല്ലാം തിരിച്ചറിയും. യഥാർത്ഥത്തിൽ രാജ്യത്ത് കാട്ടാനകളുടെ ആക്രമണത്തിൽ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് കേരളത്തിലെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ സർക്കാരും പ്രത്യേകിച്ച് വനംവകുപ്പും ഉണർന്ന് പ്രവർത്തിക്കണം. മരണം ഉണ്ടായശേഷം പിന്നാലെ ചെല്ലാതെ അത് സംഭവിക്കാതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. വനം മന്ത്രി പങ്കെടുക്കുന്ന സർവകക്ഷിയോഗത്തിൽ ഇനി ഇങ്ങനെയൊരു മരണം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ ചർച്ചചെയ്യും. അതിന് രാഷ്ട്രീയാതീതമായി എല്ലാവരും യോജിക്കണമെന്നും അദ്ദേഹം പറഞ്ഞു.