പീരുമേട്: കുറ്റകൃത്യങ്ങൾ ഏറെ വർദ്ധിച്ചുവരുന്ന തോട്ടംമേഖലയിൽ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താൻ ഏലപ്പാറയിൽ പൊലീസ് ഔട്ട് പോസ്റ്റ് വേണം എന്ന ആവശ്യം ശക്തമാകുന്നു.പീരുമേട് പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് ഇപ്പോൾഏലപ്പാറ പ്രദേശം.
തോട്ടം മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഉൾ പ്രദേശങ്ങളിൽ നിരന്തരം കുറ്റകൃത്യങ്ങളും ആക്രമങ്ങളും ഉണ്ടാകുന്നു. അടിക്കടിയുണ്ടാകുന്ന സംഘർഷങ്ങളും പ്രശ്നങ്ങളും പൊലീസിനെ ഏറെ വലയ്ക്കാറുണ്ട്. . ഇവിടെ സദാ സമയവും പൊലീസിന്റെ ശ്രദ്ധ എത്തേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്.എന്നാൽ തോട്ടം മേഖലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മൂലം പല പ്രദേശങ്ങളിലും പൊലീസിന് യഥാസമയം എത്താൻ കഴിയുന്നില്ല.
വൈകുന്നേരങ്ങളിൽ യുവാക്കൾ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ലഹരി വസ്തുക്കളുടെ ഉപയോഗവും കൂടി വരികയാണ് . വിദ്യാർത്ഥികളെ ലഹരിയിലേയ്ക്ക് ആകർഷിക്കുന്ന സംഘങ്ങളും സജീവമാണ്.പീരുമേട്ടിൽ നിന്ന് ഏലപ്പാറയിൽ പൊലീസ് എത്തുമ്പോഴേക്കും ഇവർ അപ്രത്യക്ഷരാകും. എക്‌സൈസ് പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും പ്രധാന കണ്ണികളെ പോലും പിടികൂടാൻ കഴിയുന്നില്ല. ഏലപ്പാറയിൽ പൊലീസ് ഔട്ട് പോസ്റ്റ് ഉണ്ടായാൽ പൊലീസിന്റെ മുഴുവൻ സമയ സേവനം ഇവിടെ ഉണ്ടാകും. അപ്പോൾ ഇത്തരത്തിൽ ഉണ്ടാകുന്ന കുറ്റ കൃത്യങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.
ഒരുവർഷം
139 കേസുകൾ
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 139 കേസുകളാണ് ഏലപ്പാറയിലും പരിസര പ്രദേശങ്ങളിലുമായി റിപ്പോട്ട് ചെയ്തിട്ടുള്ളത്. ഇത് ഏറെ കൂടിയ നിരക്കാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പല കേസുകളും ഏറെ ജനശ്രദ്ധ നേടിയതുമായിരുന്നു.