തൊടുപുഴ: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള എൽ.ഡി.എഫ് ഇടുക്കി പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ നാളെ വൈകുന്നേരം നാലിന് ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടിൽ നടക്കുമെന്ന് നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കേരള കോൺഗ്രസ്(എം )ചെയർമാൻ ജോസ് കെ.മാണി എംപി ഉദ്ഘാടനം ചെയ്യും. സി.പി.ഐസംസ്ഥാന എക്‌സിക്യൂട്ടീവംഗം മുല്ലക്കര രത്‌നാകരൻ, സി. പി. എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ.ജയചന്ദ്രൻ, എം.എം.മണി എം.എൽ.എ, എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, ജോസ് തെറ്റയിൽ, സി.പി.ജോർജ്, എച്ച്.റിയാസ്, പി.ടി.ജോസഫ്, പി.കെ.പ്രവീൺ, അഹമ്മദ് തേവർകോവിൽ, ഷാജി കടമല തുടങ്ങിയവർ പ്രസംഗിക്കും. എൽഡിഎഫ് സ്ഥാനാർഥി ജോയ്‌സ് ജോർജ് എംപിയായിരുന്ന കാലയളവിൽ വൻ വികസനമാണ് ഇടുക്കിക്ക് സമ്മാനിച്ചതെന്നും നേതാക്കൾ പറഞ്ഞു. ഇത്തവണ അദ്ദേഹം ഉജ്വല വിജയം നേടും. വന്യജീവി ആക്രമണത്തിൽ വനംവകുപ്പിന്റെ നിസംഗത വെടിയണം. ദുരന്തം ഉണ്ടായതിനുശേഷമല്ല മറിച്ച് ഉണ്ടാകാതിരിക്കാനാണ് ഇടപെടൽ ഉണ്ടാകേണ്ടത്. ആക്രമണത്തിനിരയായി കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിൽ കാലതാമസം വരുത്തരുതെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.കെ.ശിവരാമൻ, സി.പി.എം ജില്ലാ സെക്രട്ടറി സി.വി.വർഗീസ്, കർഷകയൂണിയൻ(എം) സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട്, ടി.ആർ.സോമൻ, അനിൽ കുവപ്ലാക്കൽ എന്നിവർ പങ്കെടുത്തു.