തൊടുപുഴ: റേഷൻ മേഖലയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് റേഷൻ വ്യാപാരി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നാളെ റേഷൻ കടകളടച്ച് സെക്രട്ടേറിയറ്റിനുമുന്നിലും അതാതു ജില്ലാ കേന്ദ്രങ്ങളിലും മാർച്ചും പ്രതിഷേധധർണയും നടത്തുമെന്ന് സംസ്ഥാന ജനറൽ കൺവീനർ അഡ്വ.ജോണി നെല്ലൂർ പത്രസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്രസർക്കാർ സംസ്ഥാനത്തെ പൊതുവിതരണ മേഖലയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്‌കരിക്കുക, കെ.ടി.പി.ഡിഎസ് ആക്ടിലെ അപാകതകൾ പരിഹരിക്കുക, റേഷൻ വ്യാപാരി ക്ഷേമനിധി കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പ്രശ്‌നത്തിനു ശാശ്വതപരിഹാരം ഉണ്ടായില്ലെങ്കിൽ അനിശ്ചികാലത്തേക്ക് റേഷൻ കടകൾ അടച്ചിടുന്ന നടപടിയിലേക്ക് നീങ്ങുമെന്നും ഭാരഭാഹികൾ മുന്നറിയിപ്പു നൽകി. ഇ-പോസ് മെഷീൻ തകരാർ മൂലം റേഷൻ വ്യാപാരികളും ഗുണഭോക്താക്കളും കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. റേഷൻ വിതരണത്തിനിടെ കുടുംബങ്ങളുടെ മസ്റ്ററിംഗ് നടത്തേണ്ടിവരുന്നതുമൂലം മെഷീന്റെ പ്രവർത്തനം സ്തംഭിക്കുകയാണ്. സമയക്രമം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കാര്യമായ ഫലം ചെയ്യാത്ത സ്ഥിതിയാണ്. റേഷൻ വിഹിതം വെട്ടികുറയ്ക്കുന്ന കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹമാണ്. ബജറ്റിൽ വകയിരുത്തിയ തുക മുൻവർഷത്തെ അപേക്ഷിച്ച് എട്ടുശതമാനത്തോളം കുറവാണ്. ഇത് സംസ്ഥാനത്തെ റേഷൻ വിതരണത്തെ കാര്യമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ചെയർമാൻ എ.ഡി.വർഗീസ്, ജില്ലാ ജനറൽ കൺവീനർ എ.വി.ജോർജ്, വർക്കിംഗ് ചെയർമാൻ എ.മണി, കൺവീനർ പി.എ.അബ്ദുൾ റഷീദ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.