fire

രാജാക്കാട്: പൂപ്പാറയ്ക്ക് സമീപം ശങ്കരപാണ്ഡ്യൻമെട്ടിൽ കാട്ടുതീ പടർന്ന് വൻ നാശം. കാട്ടുതീ പടർന്നതിനെത്തുടർന്ന് 5 ഏക്കറോളം വരുന്ന ഏലകൃഷിയും ഒരു ഷെഡ്ഡും കത്തി നശിച്ചു.
നെടുങ്കണ്ടത്ത് നിന്നെത്തിയ അഗ്‌നിശമന സേന യൂണിറ്റും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. തീ പടരുന്ന സമയത്ത് പ്രദേശത്ത് കാട്ടാനക്കൂട്ടം ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. തീ പടർന്നതോടെ കാട്ടാനക്കൂട്ടം മതികെട്ടാൻ ഭാഗത്തേക്ക് പോയതായാണ് നിഗമനം. ജനവാസ മേഖലയിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം തുടരുകയാണ്. വേനൽ കനത്തതോടെ വനാർത്തി ഭാഗത്ത് കാട്ടുതീ പടരുന്നത് പതിവായിരിക്കുകയാണ്. കാട്ടുതീ പടരുന്നത് വന്യമൃഗങ്ങൾക്കും പ്രശ്‌നമായിട്ടുണ്ട്.
വനമേഖലയോട് ചേർന്ന് നിരവധി കൃഷിയിടങ്ങളാണ് ഇവിടെയുള്ളത്. കാട്ടുതീ കൂടുതൽ മേഖലയിലേക്ക് പടർന്നാൽ ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ കൂട്ടത്തോടെ ജനവാസ മേഖലയിലേക്കിറങ്ങുമെന്നുള്ള ആശങ്കയിലാണ് നാട്ടുകാർ.